എയ്ഡഡ് കോളേജുകളിലെ നിയമനം പി.എസ്.സിക്ക് വിട്ടുകൊടുക്കണമെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണത്തില്‍ ആത്മാര്‍ത്ഥതയുണ്ടോ?
എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം അല്ലെങ്കില്‍ പി.എസ്.സിക്ക് വിടാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തെറ്റിദ്ധരിക്കേണ്ടതില്ല. പല തവണ അദ്ദേഹം ഇതാവര്‍ത്തിച്ചിട്ടുണ്ട്. കാരണം ജനസംഖ്യാനുപാധികമായുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, പ്രത്യേകിച്ച് എയ്ഡഡ് മേഖലയിലുള്ള അവരുടെ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു പക്ഷേ അദ്ദേഹത്തിന്റെ വാദം ആത്മാര്‍ത്ഥമാണെന്ന് തന്നെ മനസ്സിലാക്കേണ്ടി വരും.
ഏതാണ്ട് 2016-17ലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ സ്ഥാപനങ്ങളുടെ എയ്ഡഡ് മേഖലയുടെ കണക്ക് നോക്കുകയാണെങ്കില്‍ ഏകദേശം 152 കോളേജുകളാണ് കേരളത്തിലുള്ളത്. അതില്‍ 150 എണ്ണം അല്ലെങ്കില്‍ 74 ശതമാനത്തോളം എയ്ഡഡ് മേഖലയിലാണ്. ഈ എയ്ഡഡ് മേഖലയില്‍ തന്നെ 150 എയ്ഡഡ് കോളേജ് സ്ഥാപനങ്ങളില്‍ 80ഓളം കോളേജുകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലാണ്. അതായത് മുഴുവന്‍ എയ്ഡഡ് കോളേജുകളില്‍ 47 ശതമാനത്തോളം ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലും, ഏതാണ്ട് 19 ശതമാനത്തോളം മുസ്‌ലിം മാനേജ്മെന്റിന്റെ കീഴിലും, 11 ശതമാനം ഈഴവ കമ്മ്യൂണിറ്റിയുടെ കീഴിലും, 10 ശതമാനം കോളേജുകള്‍ എന്‍.എസ്.എസിന്റെ കീഴിലുമാണ്. കേരളത്തില്‍ 7 ദേവസ്വം ബോര്‍ഡ് കോളേജുകളുമുണ്ട്.
പക്ഷേ എന്‍.എസ്.എസിനെയും ദേവസ്വം ബോര്‍ഡ് കോളേജുകളെയും സംബന്ധിച്ചിടത്തോളം അവിടെ നടക്കുന്ന നിയമനങ്ങളില്‍ ഏതാണ്ട് 90 ശതമാനം നിയമനങ്ങളും നായര്‍ കമ്മ്യൂണിറ്റിക്കാണ് ലഭിച്ചിട്ടുള്ളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നായര്‍ സമുദായത്തിന്റെ ജനസംഖ്യ എന്നത് ഏതാണ്ട് 12 ശതമാനമാണ്. പക്ഷേ അവര്‍ ഏതാണ്ട് 13 ശതമാനത്തോളം സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
അതേസമയം, ഈഴവ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം, അവര്‍ 24 ശതമാനമാണ് ജനസംഖ്യയെങ്കിലും അവര്‍ക്ക് 11 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് കൈവശമുള്ളത്. ഈ ഒരു സന്ദര്‍ഭത്തിലാണ് വെള്ളാപ്പള്ളിയുടെ എയ്ഡഡ് കോളേജുകളിലെയും സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടണം എന്ന പരാമര്‍ശം വരുന്നത്. അതുകൊണ്ട് തന്നെ അവരുടെ ആ പ്രസ്താവന ആത്മാര്‍ത്ഥതയുള്ളതാണെന്ന് തന്നെയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
നിയമനത്തിന് പണം വാങ്ങുന്ന രീതി നിര്‍ത്തലാക്കേണ്ടതല്ലേ?
നിയമനങ്ങളില്‍ പണം വാങ്ങുന്നത് വെള്ളാപ്പള്ളിയുടെ എസ്.എന്‍.ഡി.പി മാത്രമല്ല. ഗവണ്‍മെന്റ് എയ്ഡഡ് സ്ഥാപനങ്ങള്‍ എന്ന പേരില്‍ ദേവസ്വം ബോര്‍ഡ് കോളേജുകളും പണം വാങ്ങുന്നുണ്ട്. ആരാണ് വാങ്ങുന്നത് എന്നുള്ളതാണ് പ്രത്യേകത. അത് മാനേജര്‍ ആയിരിക്കില്ല, ഒരു പക്ഷേ രാഷ്ട്രീയ നേതൃത്വങ്ങളുമായിരിക്കാം.
അതുപോലെ തന്നെ എന്‍.എസ്.എസും മുസ്‌ലിം മാനേജ്‌മെന്റുകളും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും പണം വാങ്ങുന്നുണ്ട്. വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം എസ്.എന്‍.എസ് ട്രസ്റ്റില്‍ ഈഴവ കമ്മ്യൂണിറ്റികള്‍ക്ക് ലഭ്യമാവുന്നതിനെക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിട്ട് കഴിഞ്ഞാല്‍ ഈഴവ കമ്മ്യൂണിറ്റികള്‍ക്ക് കിട്ടും. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് കരുതുന്നത്.
നിയമനത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധാനത്തില്‍ മാറ്റമുണ്ടാകുമോ?
എസ്.സി, എസ്.ടി ,അതിപിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇപ്പോള്‍ വളരെ പരിതാപകരമാണ്. എയ്ഡഡ് മേഖലകളിലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2016-17ലെ കണക്കുകള്‍ അനുസരിച്ച് പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഏതാണ്ട് അര ശതമാനത്തിനും താഴെയാണ്. സ്‌കൂളുകളും കോളേജുകളുമടക്കം എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ എണ്ണം ഏകദേശം 1,44,000 വരുന്നുണ്ട്. അതില്‍ എസ്.സി, എസ്. ടി വിഭാഗങ്ങളുടെ പ്രാതിനിധ്യം എന്ന് പറയുന്നത് 600ന്റെ അടുത്ത് മാത്രമേയുള്ളൂ. അത് അര ശതമാനത്തില്‍ താഴെയാണ്.
ഇപ്പോള്‍ നിലവിലുള്ള നിയമന രീതി നോക്കുകയാണെങ്കില്‍ മാനേജര്‍മാര്‍ നിയമിക്കുക, സംവരണം ഇല്ലാതിരിക്കുക, നിയമനങ്ങള്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടാതിരിക്കുക പോലുള്ള അനീതികള്‍ നടക്കുമ്പോള്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉയരാന്‍ യാതൊരു സാധ്യതയുമില്ല. മറിച്ച് അത് പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടുമ്പോള്‍ തീര്‍ച്ചയായും ഭരണഘടനാപരമായുള്ള പ്രാതിനിധ്യം ലഭ്യമാവുമെന്നുള്ളതാണ് വസ്തുത.
മറ്റു എയ്ഡഡ് മാനേജ്‌മെന്റുകള്‍ ഈ തീരുമാനത്തെ അനുകൂലിക്കുമോ?
വിവിധ മുസ്‌ലിം മാനേജ്‌മെന്റുകളില്‍ പ്രധാനപ്പെട്ട ഭൂരിപക്ഷ സ്ഥാപനങ്ങളുള്ള ഒരു മുസ്‌ലിം മാനേജ്‌മെന്റാണ് എം.ഇ.എസ്. എം.ഇ.എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടാമെന്നും, അവിടെ സംവരണം നടപ്പാക്കാമെന്നും അതിന്റെ പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ നിലവില്‍ വെള്ളാപ്പള്ളിയെ കൂടാതെ എം.ഇ.എസാണ് നിയമനങ്ങളെ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടാമെന്നും, അതിന് തയ്യാറാണെന്നും പ്രഖ്യാപിച്ചിട്ടുള്ളത്.
മറ്റു സമുദായ മാനേജ്‌മെന്റുകളെ സംബന്ധിച്ചിടത്തോളം, അവര്‍ നിയമനങ്ങളെ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടുന്ന കാര്യത്തിലും, സംവരണം നടപ്പാക്കുന്നതിലും പ്രത്യക്ഷത്തില്‍ അനുകൂലമായ ഒരു നടപടി സ്വീകരിച്ചിട്ടില്ല.
ഈ തീരുമാനം ഗുണകരമാവുന്നത് ഏതൊക്കെ വിഭാഗത്തിനാവും?
നിയമനങ്ങള്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴിയാകുമ്പോള്‍ അത് അക്കാദമികമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം വളരെ ഗുണപ്രദമാണ്. കാരണം നിലവിലെ രീതി എന്ന് പറയുന്നത് എത്ര ഉയര്‍ന്ന യോഗ്യതയുണ്ടെങ്കിലും അവരുടെ നിയമനത്തിനുള്ള മാനദണ്ഡം എന്ന് പറയുന്നത് മാനേജ്‌മെന്റുകളുടെ സമുദായ അംഗം ആയിരിക്കുക എന്നതാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ സംബന്ധിച്ചിടത്തോളം ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നതാണ് അടിസ്ഥാനപരമായ യോഗ്യത. ജെ.ആര്‍.എഫ്, നെറ്റ്, പി.എച്ച്.ഡി തുടങ്ങിയതെല്ലാം രണ്ടാമത്തെ യോഗ്യതയായിട്ടാണ് മാനേജ്മെന്റുകള്‍ കണക്കാക്കുന്നത്.
നിലവിലുള്ള നിയമനങ്ങള്‍ മാനേജ്‌മെന്റുകള്‍ നടത്തുന്നത് കൊണ്ട് തന്നെ അവിടെ പ്രാതിനിധ്യം കിട്ടാത്ത വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ ഗുണപ്രദമായി മാറുക. പട്ടിക ജാതി/ പട്ടിക വിഭാഗക്കാര്‍ക്കും, അതി പിന്നാക്ക വിഭാഗങ്ങള്‍ക്കും മാനേജ്‌മെന്റ് സ്ഥാപനങ്ങളില്ലാത്തത് കൊണ്ട് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി നിയമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് ഭരണഘടനാപരമായുള്ള പ്രാതിനിധ്യം ലഭിക്കും.
പണം കൊടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത, യോഗ്യതയുള്ള ക്രിസ്ത്യാനിയെയോ നായരെയോ സംബന്ധിച്ചിടത്തോളം പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി നിയമിക്കപ്പെടുന്നത് വളരെ ഏറെ ഗുണപ്രദമാണ്. പട്ടിക വിഭാഗകാര്‍ക്ക് മാത്രമല്ല, ഉന്നത വിദ്യാഭ്യാസം നേടിയ ക്രിസ്ത്യന്‍, നായര്‍, മുസ്‌ലിം, ഈഴവ സമുദായ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കെല്ലാം പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി നിയമനം നടത്തുമ്പോള്‍ കോളേജുകളില്‍ ജോലി ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കും.
പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി നിയമനം നടത്തുന്നത് ഏതെങ്കിലും സമുദായ വിഭാഗങ്ങളെയോ, മാനേജ്‌മെന്റുകളെയോ ദോഷമായി ബാധിക്കുമെന്നതില്‍ കാര്യമില്ല. കാരണം, ഇത് ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യമാണ്.
ഇത് വരെ ജനാധിപത്യവല്‍കരിക്കപ്പെടാത്ത കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല കുറച്ച് കൂടി ജനാധിപത്യവല്‍കരിക്കപ്പെടും. അത് ആര്‍ക്കും എതിരായിരിക്കില്ല, മറിച്ച് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി നിയമനം നടത്തരുത് എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന മാനേജ്‌മെന്റുകളെ സംബന്ധിച്ചിടത്തോളം പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി നിയമനം നടത്തുന്നത് അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. കാരണം ഏതാണ്ട് 50 ലക്ഷം രൂപയാണ് ഒരു കോളേജ് അധ്യാപക നിയമനത്തിന് മാനേജ്‌മെന്റുകള്‍ ഈടാക്കുന്നത്. ഭരണഘടനാപരമായി നോക്കുമ്പോള്‍ എയ്ഡഡ് നിയമനം എന്നോ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടേണ്ടതായിരുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം.
സര്‍ക്കാര്‍ ഇത് നടപ്പിലാക്കാനുള്ള സാധ്യത?
ഇതില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കും എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. വെള്ളാപ്പള്ളിയും ഫസല്‍ ഗഫൂറും നിയമനങ്ങളെ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിട്ട് കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല.
ആ ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് വിമ്മിഷ്ടമുണ്ടാക്കുന്നതില്‍ രണ്ട് കാര്യങ്ങളുണ്ട്. അതില്‍ ഒന്ന് സമുദായങ്ങളുടെ കീഴിലുള്ള മാനേജ്‌മെന്റുകള്‍ ശക്തരാണ്. അവര്‍ക്ക് ഏത് മന്ത്രി സഭ വന്നാലും അവരെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. അവര്‍ ഇതിന് തയ്യാറാവും എന്ന് നമുക്ക് പെട്ടെന്ന് ധരിക്കാനാവില്ല. മറിച്ച് സര്‍ക്കാര്‍ നിയമനങ്ങള്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന് വിടാന്‍ തീരുമാനിച്ചാല്‍ ഒരു പക്ഷേ നടക്കും എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം.
ഇതില്‍ അടുത്ത കാരണം എന്നത്, ഇതുമായി ബന്ധപ്പെട്ട് 2021ല്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമുള്ള എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കണമെന്നും, അവിടെയുള്ള നിയമനങ്ങളെല്ലാം നിയമന ഏജന്‍സികള്‍ വഴി ആക്കണമെന്നും കുറെ കാലമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ അവിടെയും മാനേജ്‌മെന്റുകള്‍ തയ്യാറായിരുന്നില്ല.
ശമ്പളം സര്‍ക്കാര്‍ കൊടുക്കുകയാണെങ്കില്‍, ആ സ്ഥാപനങ്ങള്‍ നടത്താന്‍ സര്‍ക്കാറിനെ അനുവദിക്കുക. അതല്ല നിങ്ങളാണ് നിയമനം നടത്തുന്നതെങ്കില്‍ നിങ്ങള്‍ സ്ഥാപനം നടത്തികൊണ്ട് പോവുക എന്ന രീതിയിലുള്ള ഒരു കരാര്‍ സര്‍ക്കാര്‍ അവിടുത്തെ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തി. അങ്ങനെ സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റ് വേണ്ട എന്ന് പറഞ്ഞ് പല സ്ഥാപനങ്ങളും അണ്‍എയ്ഡഡ് ആയി തുടര്‍ന്നു. എന്നാല്‍ ബാക്കി സ്ഥാപനങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തു.
മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ചു രണ്ട് സംസ്ഥാനങ്ങളും അത്രയേറെ വിദ്യാഭ്യാസപരമായി പുരോഗമിച്ചതോ, കേരളത്തിനോ ഇന്ത്യയ്‌ക്കോ ഒരു വലിയ മോഡലായി കാണാവുന്നതോ അല്ല. മറിച്ച് ആ രണ്ട് സംസ്ഥാനങ്ങളും എയ്ഡഡ് വിദ്യാഭ്യാസ മേഖലകളില്‍ സാമൂഹ്യ നീതി കൊണ്ട് വരാന്‍ വേണ്ടിയുള്ള വലിയ മുന്നേറ്റമാണ് നടത്തിയത്. പക്ഷേ കേരളത്തിനെ സംബന്ധിച്ചിടത്തോളം കേരള സര്‍ക്കാര്‍ അതിന് ഇത് വരെ തയ്യാറായിട്ടില്ല എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു കാര്യം. അതിന് കാരണം ഞാന്‍ നേരത്തെ പറഞ്ഞത് പോലെ, മാനേജ്‌മെന്റുകള്‍ക്കുള്ള സ്വാധീനം കൊണ്ട് മാത്രമാണ്.
Content Highlight: OP Raveendran on teachers appointments in aided schools being handed over to government