ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാക്കള്‍ കലാപത്തിന് കോപ്പു കൂട്ടുകയാണെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി ബി.ജെ.പി സഖ്യകക്ഷി സുഹെല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് ഒ.പി രാജ്ഭര്‍. ഉത്തര്‍പ്രദേശ് മന്ത്രി കൂടെയാണ് ഒ.പി രാജ്ഭര്‍.
“വരുന്ന ഫെബ്രുവരി 21ന് ബി.ജെ.പി നേതാക്കള്‍ ഉത്തര്‍പ്രദേശില്‍ കലാപം നടത്തുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്ന് എനിക്ക് വിവരം ലഭിച്ചു. ആളുകള്‍ കലാപത്തില്‍ നിന്നും വിട്ടു നില്‍ക്കണം, കാരണം ഒരു രാഷ്ട്രീയക്കാരനും കലാപത്തില്‍ ഇന്നേവരെ കൊല്ലപ്പെട്ടില്ല. സാധാരണക്കാരാണ് കലാപത്തില്‍ കൊല്ലപ്പെടുക”- രാജ്ഭര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കത്തിക്കണം എന്ന രാജ്ഭറിന്റെ പ്രസ്താവന വിവാദമായിരുന്നു. വര്‍ഗ്ഗീയകലാപത്തില്‍ എന്തുകൊണ്ട് സാധാരണക്കാര്‍ മാത്രം കൊല്ലപ്പെടുന്നെന്നും എന്തു കൊണ്ട് നേതാക്കള്‍ കൊല്ലപ്പെടുന്നില്ലെന്നില്ലെന്നും അദ്ദേഹം ചോദിച്ചിരുന്നു.
“ഏതെങ്കിലും ഹിന്ദു-മുസ്ലീം കലാപങ്ങളില്‍ വലിയ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ കൊല്ലപ്പെടുന്നുണ്ടോ? മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ കത്തിക്കണം. എന്നാലെ അവര്‍ അതിന്റെ ഭവിഷത്ത് മനസ്സിലാക്കുകയും മറ്റുള്ളവരെ കത്തിക്കുന്നത് നിര്‍ത്തുകയും ചെയ്യും” എന്നായിരുന്നു രജ്ഭര്‍ പറഞ്ഞത്.
ബി.ജെ.പിയെ രാജ്ഭര്‍ നേരത്തേയും രുക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങളുമായ സഖ്യത്തിന് ബി.ജെ.പിക്ക് താല്‍പര്യമില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തു പോകുമെന്നും രാജ്ഭര്‍ പറഞ്ഞിരുന്നു.
ഇതേ സംബന്ധിച്ച് മറുപടി നല്‍കാന്‍ താന്‍ ബി.ജെപി ക്ക് 100 ദിവസം സമയം കൊടുത്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ അതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുഹെല്‍ദേവ് ബഹുജന്‍സമാജ് വാദി പാര്‍ട്ടി 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞിരുന്നു.