സ്കൂളുകളിൽ നിന്നുള്ള വിനോദസഞ്ചാരയാത്രകളുടെ പ്രധാന ഡെസ്റ്റിനേഷനാണ് ഊട്ടി.പല മലയാള സിനിമകളുടെയും സ്ഥിരം ലൊക്കേഷൻ എന്ന നിലയിലും ഊട്ടിപ്പട്ടണം മലയാളിക്ക് സുപരിചിതമാണ്.
ഹില്‍സ്റ്റേഷനുകളുടെ റാണി എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഊട്ടിയുടെ യഥാര്‍ത്ഥപേര്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി മലനിരകളിലാണ് ഊട്ടി എന്ന സുന്ദരഭൂമി നിലകൊള്ളുന്നത്. ഊട്ടിയില്‍ ചെന്നാല്‍ സമീപത്തെ നിരവധി സ്ഥലങ്ങള്‍ കാണാനുണ്ട് അവയില്‍ ഒന്നാണ് കുന്നൂര്. തേയില, കാപ്പിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട കൂന്നൂരിലേക്ക് ഊട്ടിയില്‍ നിന്ന് 19 കിലോമീറ്ററാണ് ദൂരം. പ്രശസ്തമായ നീലഗിരി മൗണ്ടേന് റെയില്‍വെ വഴി ഊട്ടിയില്‍ നിന്ന് കുന്നൂരിലേക്ക് യാത്ര ചെയ്യാം. മേട്ടുപ്പാളയത്തില്‍ നിന്ന് വരുന്ന ട്രെയിന്‍ കുന്നൂര് വഴിയാണ് ഊട്ടിയില്‍ എത്തിച്ചേരുന്നത്.
പ്രകൃതിരമണീയമായ മലകൾ കൊണ്ട് സമ്പുഷ്ടമാണ് ഊട്ടി.സുഖദായകമായ കാലാവസ്ഥയും മലനിരകളും പ്രകൃതിഭംഗിയും കൂടിച്ചേരുന്നതാണ് ഊട്ടി.ടൂറിസത്തിനു പുറമേ കൃഷിയാണ് പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗം.ഹരിതഭംഗിയിൽ പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കാണാം.പേരുകേട്ട നിരവധി എസ്റ്റേറ്റുകളും ഇവിടെ സ്ഥിതിചെയ്യുന്നു.ബൊട്ടാണിക്കൽ ഗാർഡൻ,ദൊഡ്ഡബെ കൊടുമുടി,ഊട്ടി തടാകം,കൽ ഹാത്തി വെള്ളച്ചാട്ടം,ഫ്ലവർ ഷോ എന്നിവ ആകർഷണങ്ങളിൽ ചിലതു മാത്രം.
ബൊട്ടാണിക്കൽ ഗാർഡൻ
ദോഡപേട്ട മലഞ്ചെരുവില്‍ ഏകദേശം 22 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ പുല്‍തകിടിയാണിത്. പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്. തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിനാണ് ഇതിന്റെ മേല്‍ നോട്ടം.
ഊട്ടി തടാകം
ഊട്ടിയില്‍ വന്നെത്തുന്നവര്‍ ഒരു കാരണവശാലും സന്ദര്‍ശിക്കാന്‍ മറക്കാത്ത ദൃശ്യവിരുന്നാണ് ഊട്ടി തടാകം . 65 ഏക്കറാണ് ഇതിന്റെ വിസ്തൃതി. 1824 ല്‍ ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ കായല്‍ നിര്‍മ്മിച്ചത്. മഴക്കാലത്ത് മലമുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ശേഖരിച്ചാണ് ഇത് ഒരുക്കിയത്.
മുതുമലൈ
നീലഗിരി മലനിരകളിലെ ഒരു വന്യജീവി സങ്കേതമാണ് മുതുമലൈ വന്യജീവി സങ്കേതം. ഊട്ടിയില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെയായാണ് മുതുമലൈ സ്ഥിതി ചെയ്യുന്നത്.
കോത്തഗിരി
ഊട്ടി സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു ഹില്‍സ്റ്റേഷനാണ് കോത്തഗിരി. ഊട്ടിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായാണ് കോത്തഗിരി സ്ഥിതി ചെയ്യുന്നത്. ഊട്ടിയില്‍ എന്ന് അറിയപ്പെടുന്ന പല പിക്നിക്ക് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് കോത്തഗിരിയിലാണ്.
ഡോള്‍ഫിന്‍സ് നോസ് വ്യൂ പോയിന്റ്
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഡോള്‍ഫിന്റെ മൂക്ക് പോലെ ആകൃതിയുള്ള ഒരു മുനമ്പാണ് ഇത്. കൂനൂര്‍ സന്ദര്‍ശിക്കുന്നവര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഈ കാഴ്ച വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇവിടെ നിന്നുള്ള കാഴ്ച കാണാന്‍ ഏറെ നേരം മല കയറേണ്ടതുണ്ട്. എന്നാല്‍ ആ കഷ്ടപ്പാട് മറക്കുന്ന മനോഹര കാഴ്ച്ചകളാണ് ഇവിടം നമുക്ക് സമ്മാനിക്കുന്നത്.