| Friday, 19th April 2019, 4:18 pm

പഴയതെല്ലാം മറക്കണോ എന്തൊക്കെ മറക്കണം പറയന്ന്,,,, എന്തൊക്കെ മറക്കണം...: വൈറലായി ഊരാളി ബാന്റിന്റെ പുതിയ ഗാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഗീത ബാന്റായ ഊരാളി പുറത്തിറക്കിയ പുതിയ ഗാനം വൈറലാകുന്നു. ‘മറക്കാം സകലതും മറക്കാം’ എന്ന ടൈറ്റിലിലാണ് ഊരാളി ബാന്റ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്….

അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ ജനങ്ങള്‍ നേരിടേണ്ടി വന്ന ‘ദുരിതങ്ങള്‍’ അക്കമിട്ട് നിരത്തി, പഴയതെല്ലാം മറക്കണോ എന്ന ചോദ്യമാണ് ഗാനമുയര്‍ത്തുന്നത്. മാര്‍ട്ടിന്‍ ഊരാളിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കര്‍ഷക ആത്മഹത്യകളും നോട്ട് നിരോധനവും ആള്‍ക്കൂട്ട കൊലപാതകവും തൊഴിലില്ലായ്മയും തുടങ്ങി ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച പലതിനേയും ചോദ്യം ചെയ്യുകയാണ് ഊരാളി ബാന്റിന്റെ ഈ ഗാനം..

പൊതുവികാരത്തെയാണ് തങ്ങള്‍ ഗാനമാക്കിയിരിക്കുന്നതെന്നും ലക്ഷക്കണക്കിന് ആളുകളുടെ വികാരം കൂടി ഈ ഗാനത്തിലുണ്ടെന്നുമാണ് മാര്‍ട്ടി ഊരാളി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

”ശക്തമായ ഭരണഘടന ഉള്ള നാടിനെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. ഭരണഘടനയെ മാറ്റി മറയ്ക്കാന്‍ ശ്രമിക്കുന്നു..അത്തരത്തിലുള്ള ആളുകള്‍ അധികാരത്തിലിരിക്കുന്നു. അവര്‍ ഇനിയും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ നമ്മള്‍ തടുക്കേണ്ടതുണ്ട്. ചില കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. നമ്മള്‍ എവിടെ നിന്നാണ് വരുന്നത്., എന്നുള്ളതിനെ കുറിച്ച് ഓര്‍ത്താല്‍ മാത്രമാണ് നമുക്ക് ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ പറ്റുക.

ഇവിടെ ആളുകളുടെ ഓര്‍മയേയാണ് ഇല്ലാതാക്കുന്നത്. നമ്മുടെ പിടിച്ചുലയ്ക്കാന്‍ പാകത്തില്‍ വിശ്വാസമെന്നും ആചാരമെന്നും പറഞ്ഞ് നമ്മളെ ചിതറിച്ചേക്കുകയാണ്. മനുഷ്യബന്ധത്തിന് പരിക്കേല്‍ക്കുന്നുണ്ട്. പരിക്കേല്‍പ്പിക്കുന്നവര്‍ കാലാകാലമായി ഇത് ചെയ്തുകൊണ്ടിരിക്കുന്നു. അത് ഓര്‍ക്കണം എന്നൊരു ഉദ്ദേശത്തിലാണ് ഈ ഗാനം ചെയ്തത്. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഇത് ഒരു പാര്‍ട്ടിക്കെതിരെ മാത്രമല്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയം ഉണ്ടായിരിക്കെ അതിനെ മതമെന്നും വിശ്വാസമെന്ന കാര്യത്തിലേക്ക് ഏകപക്ഷീയമായി പൊക്കിക്കൊണ്ടുവരുമ്പോള്‍ അതല്ല നമ്മള്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും വേണ്ടത് എന്ന് പൊതുവില്‍ ആളുകളെ ഓര്‍മ്മപ്പെടുത്തുന്നതുകൂടിയാണ് ഈ ഗാനം. ലക്ഷക്കണക്കിന് ആളുകളുടെ വികാരം കൂടി അതിലുണ്ട്.

ഇത് ഞങ്ങളില്‍ കുറച്ചുപേരില്‍ ഒതുങ്ങി നില്‍ക്കുന്ന കാര്യമില്ല. ഭൂരിപക്ഷത്തിന്റെ ചിന്തയാണ് ആക്ടായി പുറത്തുവന്നത്. ഇത് എഴുതാനും പാട്ടാക്കാനും ചിത്രീകരിക്കാനും നമുക്കൊപ്പം കൂടിയ നിരവധി പേരുണ്ട്. ഭരണഘടനയെ പൊളിച്ചെഴുതണമെന്ന് പറയുന്നവരോട് ചില കാര്യങ്ങള്‍ ഞങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയാണ്. – മാര്‍ട്ടിന്‍ ഊരാളി പറയുന്നു.

മറക്കാം സകലതും മറക്കാം…. കഴിഞ്ഞകാലം നമ്മുടെ നാട്ടില്‍ കണ്ടതെല്ലാം മറക്കാം ഇനിയുള്ള കാലം എല്ലാവര്‍ക്കും കണ്ണും പൊത്തിയിരിക്കാം കാതുംപൊത്തിയിരിക്കാം. എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്.

”ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയ കര്‍ഷകരെ മറക്കാം.
ശരിയുടെ പക്ഷത്ത് നിലകൊണ്ടപ്പോള്‍ വെടിയേറ്റു വീണ കല്‍ബുര്‍ഗിയെ മറക്കാം പന്‍സാരയെ മറക്കാം ദബോല്‍ക്കറെ മറക്കാം. ഗൗരി ലങ്കേഷിനെ മറക്കാം…
ഗാന്ധിജിയെ നമ്മള്‍ പണ്ടേ മറന്നതാണല്ലോ ഇനി നാളെ നമ്മളില്‍ ആരെന്നുള്ളത് ഓര്‍ക്കാതിരിക്കാം
നോട്ടിന് വേണ്ടി വരിനിന്ന് തളര്‍ന്നു വീണ മനുഷ്യരെ മറക്കാം. ദേശസ്‌നേഹികള്‍ തല്ലിക്കൊന്ന അഖ്‌ലഖിനെ മറക്കാം.
ജുനൈദിനെ മറക്കാം നീതിയ്ക്ക് കാവലിരുന്നതിന്റെ പേരില്‍ കൊല്ലപ്പെട്ട ലോയയെ മറക്കാം അക്ഷര വൈരികള്‍ നിശബ്ദനാക്കിയ പെരുമാള്‍ മുരുകനെ മറക്കാം.
മതവെറി പൂണ്ടവര്‍ അടിച്ചുവീഴ്ത്തിയ അഗ്നിവേശ് എന്നൊരു സനാതന ധര്‍മിയെ മറക്കാം.
ശാസ്ത്രജ്ഞനാകാന്‍ പഠിക്കവേ ജാതിപ്പിശാചുകള്‍ ജീവനെടുത്തൊരു രോഹിത് വെമുലയെ മറക്കാം
ഉച്ചനീചത്വങ്ങളില്‍ ഉള്ളം തകര്‍ന്നൊരു ദളിത് വിഭാഗങ്ങളെ മറക്കാം.
സോപ്പ് ചീര്‍പ്പ് കണ്ണാടി അരിപ്പൊടി വിറ്റിട്ട് കോടികള്‍ നേടുന്ന ആത്മീയ വിപണന തട്ടിപ്പ് മറക്കാം.
അഭയാര്‍ത്ഥികളായി ഇടംതേടി വന്നവരെ വര്‍ഗം വര്‍ണം വംശം എന്നിവ പേര് ചൊല്ലി തിരിച്ചറിഞ്ഞ് തിരിച്ചയച്ചത് മറക്കാം…
എട്ട്‌പേര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയ ആസിഫയെന്ന കുഞ്ഞിനെ മറക്കാം അവളുടെ പ്രാണന്റെ നിലവിളി മറക്കാം..
നാളെ നമ്മുടെ മക്കളില്‍ ആരെന്ന് ഓര്‍ക്കാതിരിക്കാം..
നുണകൊണ്ട് നമ്മളെ തമ്മിലകറ്റുന്ന വര്‍ഗീയവാദികളെ മറക്കാം..
തൊഴിലുതരാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ചവരെ മറക്കാം. കഷ്ടപ്പെട്ട് പഠിച്ചിട്ടും തൊഴിലില്ലാതെ അലയുന്ന നമ്മുടെ നാട്ടിലെ യുവതയെ മറക്കാം…
ലക്ഷങ്ങളുടെ കോട്ട് തുന്നിനടക്കുന്ന ഭരണാധിപകനെ മറക്കാം.
നമുക്ക് നാമായി ജീവിക്കാന്‍ അധികാരം തന്ന ജനാധിപത്യം മറക്കാം.
ഇഷ്ടമുള്ളത് തിന്നാന്‍ ഉള്ളിലുള്ളത് പറയാന്‍ ചന്തമുള്ളത് ഉടുക്കാന്‍ പൊതുവഴി നടക്കാന്‍ പലയിടത്തിരിക്കാന് കൂട്ടംകൂടാന്‍ ആടാന്‍ പാടാന്‍ എഴുതാന്‍ വരയ്ക്കാന്‍ പ്രണയിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ എല്ലാത്തിനും സ്വാതന്ത്ര്യം തന്ന ഭരണഘടന മറക്കാം
മറക്കാം നാനത്വത്തില്‍ ഏകത്വമെന്ന ഭാരതതത്വം മറക്കാം… എന്നിങ്ങനെ ഭരണകൂടത്തോട് ചോദ്യങ്ങളുന്നയിക്കുകയാണ് ഗാനത്തിലൂടെ…..

We use cookies to give you the best possible experience. Learn more