ഗായകനും ഊരാളി ബാന്റിന്റെ സ്ഥാപകനുമായ മാര്‍ട്ടിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു പാടിയ “ഏമാന്മാരെ ഏമാന്മാരെ” എന്ന ഗാനം സിനിമയിലേക്ക്. മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലാണ് ഈ പ്രതിഷേധഗാനം മനോഹരമായി പകര്‍ത്തിയിരിക്കുന്നത്.
മാര്‍ട്ടിനുവേണ്ടി ആലപിച്ചപ്പോഴുള്ള അതേ ഫീല്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഈ ഗാനം സിനിമയിലേക്കും പകര്‍ത്തിയിരിക്കുന്നത്. മുടിനീട്ടി വളര്‍ത്തിയ, തെരുവുഗായക സംഘമാണ് സിനിമയില്‍ ഈ ഗാനം ആലപിക്കുന്നത്.
2016 ജൂലൈയിലാണ് ഈ ഗാനമൊ രുങ്ങുന്നത്. ഒരു സുഹൃത്തിനെ കാണാന്‍ പോകവെ തൃശൂരില്‍വെച്ചാണ് മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയ തന്റെ രൂപത്തെ പൊലീസ് കളിയാക്കിയെന്നും കഞ്ചാവ് കടത്തുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തനിക്കെതിരെ ആരോപിച്ചുവെന്നും പറഞ്ഞ് മാര്‍ട്ടിന്‍ പൊലീസ് അതിക്രമത്തിനെതിരെ പൊലീസ് സ്റ്റേഷനുമുമ്പില്‍ പാട്ടുപാടി പ്രതിഷേധിച്ചിരുന്നു.
മാര്‍ട്ടിനെതിരായ പൊലീസ് അതിക്രമം വലിയ വിവാദമായുകയും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. ആ സമയത്ത് മാര്‍ട്ടിനെ പിന്തുണച്ചുകൊണ്ട് തയ്യാറാക്കിയ ഗാനമാണ് ഇത്ഞ്ജിത് ചിറ്റാടെയാണ് ഈ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംഗീതവും നല്‍കിയിരിക്കുന്നത്.
തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനുമുമ്പില്‍ വെച്ചാണ് ഈ ഗാനം ആലപിച്ചത്. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ ഉള്‍പ്പെടെ മാര്‍ട്ടിനെ പിന്തുണയ്ക്കുന്ന നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ഗാനാലപനം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സിനിമയിലും സമാനമായ രീതിയില്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ പൊലീസ് സാന്നിധ്യത്തില്‍ തന്നെയാണ് ഈ ഗാനം ആലപിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൊവിനോയും നീരജും സുബീഷ് സുധിയുമൊക്കെ ഇതു കേള്‍ക്കാനായെത്തുന്നതായാണ് ഗാനരംഗം.
താടിയും മുടിയും നീട്ടി വളര്‍ത്തിയവരെ ക്രിമിനലായി കാണുകയും കോടികള്‍ കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പൊലീസ് സമീപനത്തെ തുറന്നുകാട്ടുന്നുണ്ട് ഈ ഗാനത്തിലൂടെ.
“വെള്ളപുതച്ചു നടക്കണ കോലങ്ങള്‍ കോടികള്‍കട്ടാലെന്താ..
നെരംപോക്കെന്നപോല്‍ കേറിയിറങ്ങുവാന്‍ ഞങ്ങടെ നെഞ്ചുണ്ടല്ലോ..
നെരംപോക്കെന്നപോല്‍ കേറിയിറങ്ങുവാന്‍ ഞങ്ങടെ നെഞ്ചുണ്ടല്ലോ..
നിന്റെയറക്കണ കയ്യിലിരിക്കണ ഫാസിസകൊലുണ്ടല്ലോ
നിന്റെയറക്കണ കയ്യിലിരിക്കണ ഫാസിസകൊലുണ്ടല്ലോ
ഞങ്ങടെ നാട്ടിലെ ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ലാ ”
തുടങ്ങി ഈ ഗാനത്തിലെ പലവരികളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.