മദ്യനിരോധനം: പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി
Daily News
മദ്യനിരോധനം: പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th October 2014, 1:10 pm

ooommenതിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന മദ്യനിരോധനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യലഭ്യത ഇല്ലാതാക്കുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും  ഉദയഭാനു കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എടുത്ത നിലപാടാണതെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

വീര്യം കൂടിയ മദ്യലഭ്യത കുറയ്ക്കുക, വീര്യം കുറഞ്ഞ മദ്യലഭ്യത ഉറപ്പാക്കുക എന്നതാണ് കമ്മീഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം.  10 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കും.  ബിവറേജസ് കോര്‍പ്പറേഷന്റെ ഷോപ്പുകള്‍ നിര്‍ത്തുന്നതോടൊപ്പം മദ്യത്തിനെതിരെയുള്ള ബോധവത്കരണവും ശക്തിപ്പെടുത്തും. ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജോലി ഇല്ലാതാകുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്.  അത് നടപ്പാക്കും.  ഈ ഉദ്ദേശ്യത്തോടെയാണ് സ്റ്റിക്കര്‍ ഒട്ടിക്കുന്ന കരാര്‍ തൊഴിലാളികളുടെ കാര്യം പോലും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.  ചാരായ നിരോധനം വന്നപ്പോള്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതില്‍ വന്ന നിസഹായാവസ്ഥ മനസിലുള്ളതിനാലാണ് അഞ്ചുശതമാനം സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

തൊഴിലാളി പുനരധിവാസത്തിനായി തൊഴില്‍വകുപ്പിന്റെ കൈയ്യിലുള്ള റെക്കോര്‍ഡുകളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.  ഇതിലുള്ള മുഴുവന്‍ തൊഴിലാളികളെയും പരിഗണിക്കും.  യഥാര്‍ത്ഥ തൊഴിലാളികളെ മാത്രമേ സംരക്ഷിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ അബ്കാരി മേഖലയിലെ ട്രേഡ് യൂണിയന്‍ നേതാക്കളുമായി തൊഴിലാളികളുടെ പുനരധിവാസ കാര്യങ്ങള്‍ സംബന്ധിച്ച  യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകായിരുന്നു അദ്ദേഹം. യോഗത്തില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രീയതാല്‍പര്യത്തോടെയാണ് മദ്യനിരോധനം നടപ്പിലാക്കുന്നത് എന്നായിരുന്നു പിണറായിയുടെ ആരോപണം. മദ്യനിരോധനം മൂലം മദ്യാസക്തി കുറയുമെന്ന വാദം ശരിയല്ലെന്നും പിണറായി പറഞ്ഞിരുന്നു.