തിരുവനന്തപുരം: ബാറുകള്‍ തുറന്നുകൊടുക്കാന്‍ ധനമന്ത്രി കെ.എം മാണി 5 കോടി രൂപ കോഴവാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എം മാണിയ്‌ക്കെതിരെയുള്ള ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മാണിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് തന്നെ കണ്ടിട്ടില്ല. താനുമായി ബിജു കൂടിക്കാഴ്ച നടത്തിയെന്നതില്‍ വാസ്തവമില്ല. കൂടിക്കാഴ്ച നടത്തിയെങ്കില്‍ അത് എവിടെവെച്ചാണെന്ന് ബിജു രമേശ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാറുകള്‍ തുറയ്ക്കാന്‍ മാണി പണം ആവശ്യപ്പെട്ടകാര്യം മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ പണം കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് ബിജു രമേശ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം മാണിയെ എല്ലാവര്‍ക്കും അറിയാം. വര്‍ഷങ്ങളായി ജനപ്രതിനിധിയായും മന്ത്രിയായുമൊക്കം മാണി രംഗത്തുണ്ട്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന് തനിക്ക് നേരിട്ടറിയാവുന്നതാണ്. അതിനാല്‍ ഈ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.എം മാണി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തെക്കുറിച്ച് കെ.എം മാണി വിശദീകരണം നല്‍കണമെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ പ്രതികരണം ഗുരുതരമായ തെറ്റാണ്. ആരെങ്കിലും പറയുന്നത് കേട്ട് പ്രതാപന്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. പ്രതാപന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃസ്ഥാനത്തുള്ള മുഖ്യമന്ത്രിയായ എന്നോട് പറയാമായിരുന്നു. പ്രതാപനെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.