തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. എസ്.എഫ്.ഐ ക്യാമ്പസില്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നും മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രമില്ലെന്നും സ്വന്തം ഘടകകക്ഷിയായ എ.ഐ.എസ്.എഫിന് പോലും എസ്.എഫ്.ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുകയാണ് ഈ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരോഗ്യകരമായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിന് പകരം ഗുണ്ടാ പ്രവര്‍ത്തനമാണ് എസ്.എഫ്.ഐ നടത്തുന്നതെന്നും മറ്റു വിദ്യാര്‍ത്ഥി സംഘടനകളെയൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന എസ്.എഫ്.ഐ ഇപ്പോള്‍ സ്വന്തം സംഘടനയിലുള്ള കുട്ടികളെപ്പോലും മര്‍ദ്ദിച്ചൊതുക്കുന്ന ഭീകരപ്രവര്‍ത്തന രീതിയിലേക്കാണ് മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളെജിലെ അക്രമികള്‍ക്ക് സി.പി.ഐ.എം നേതൃത്വം എല്ലാ ഒത്താശയും നല്‍കുന്നുവെന്നും കോളെജിനെ ഇങ്ങനെ എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടത്തിന് വിട്ടു കൊടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോളെജിനകത്ത് സഹപാഠിയായ അഖിലിന് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജീവനില്‍ പേടിയുണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ജിതിന്‍ വെളിപ്പെടുത്തി. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്നും ജിതിന്‍ പറഞ്ഞു.
അഖിലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ കുത്തിയ സംഭവം ലജ്ജാകരമാണെന്നും കേരളാ ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണ്. ഇവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു.