| Friday, 15th September 2017, 1:24 pm

പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ല; പരാജയ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഒഴിഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി.

കഴിഞ്ഞ തെരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തില്‍ ആണ് നേരിട്ടത്. ആ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തതാണ്. പാര്‍ട്ടിയില്‍ സ്ഥാനമൊന്നും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും പൊതുരംഗത്ത് സജീവമായി തന്നെ താനുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Also Read കാന്‍സര്‍ ബാധിതനായ മകനെ ചികിത്സിക്കാന്‍ പണമില്ല; ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കാണ്‍പൂര്‍ സ്വദേശിയുടെ കത്ത്


പ്രതിപക്ഷ നേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്ന ആര്‍.എസ്.പി നേതാവ് എ.എ അസിസിന്റെ പ്രസ്താവനയോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.മുരളീധരനും രംഗത്തെത്തിയിരുന്നു.

അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

എന്നാല്‍ ഇത് വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി. നേതൃത്വം മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിയും യോഗ്യനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമായിരുന്നു മുരളീധരന്റെ വാക്കുകള്‍.

തൊട്ടുപിന്നാലെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.ഡി.സതീശന്‍ രംഗത്ത് വന്നു. പ്രതിപക്ഷ നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ലെന്നും അനാവശ്യ ചര്‍ച്ചകള്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് വലിച്ചിഴച്ച് മുരളീധരന്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more