കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി. ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തുവെന്ന് കണ്ണൂര്‍ ഡി.സി.സി.
കണ്ണൂര്‍ ഡി.സി.സി. ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ലെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് കണ്ണൂര്‍ ഡി.സി.സി. വിശദീകരണവുമായി രംഗത്തെത്തിയത്.
സാങ്കേതിക തകരാറുകള്‍ മൂലമാണ് ഉമ്മന്‍ ചാണ്ടിക്ക് വേദിയില്‍ സംസാരിക്കാന്‍ കഴിയാതെ പോയതെന്ന് ഡി.സി.സി അറിയിച്ചു. ആലപ്പുഴയിലെ കായംകുളത്ത് മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ വന്നതോടെ രമേശ് ചെന്നിത്തലക്ക് മടങ്ങേണ്ടി വന്നെന്നും കണ്ണൂര്‍ ഡി.സി.സി. അറിയിച്ചു.
രാഹുല്‍ ഗാന്ധി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സൂം മീറ്റിംഗ് വഴി പങ്കെടുത്തതായി രമേശ് ചെന്നിത്തലയും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
ഇന്നു രാവിലെയാണ് കണ്ണൂര്‍ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പങ്കെടുത്ത ചടങ്ങില്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരും പങ്കെടുത്തു.
പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കാനാവില്ല. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും സുധാകരന്‍ വ്യക്തമാക്കി.
കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ. സുധാകരന്‍ ആണെന്നായിരുന്നു വി.ഡി സതീശന്‍ വേദിയില്‍ പറഞ്ഞത്.
സുധാകരന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി. പരസ്യമായി അഭിപ്രായം പറയുന്നവര്‍ സ്വയം നിയന്ത്രിക്കണം. വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവണം. ഭിന്നതകള്‍ ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ കെ.പി.സി.സി പുന:സംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി. സിദ്ധിഖ്, പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തും.
ഡി.സി.സി പുനഃസംഘടനക്കായി ജില്ലാ അടിസ്ഥാനത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിക്കും. ഇവര്‍ക്ക് ഡി.സി.സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി കെ.പി.സി.സി പ്രസിഡന്റിന് സമര്‍പ്പിക്കാം. ഇതിന് ശേഷം പ്രസിഡന്റാണ് അന്തിമ തീരുമാനമെടുക്കുക.
പട്ടികയിലെ അതൃപ്തിയെ തുടര്‍ന്ന് കെ.പി.സി.സി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന് നേരത്തെ ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം