| Monday, 10th August 2020, 5:22 pm

'അത് ചെയ്തത് ഉമ്മന്‍ചാണ്ടി'; ആര്‍.എസ്.എസുകാര്‍ പ്രതിയായ കേസ് പിന്‍വലിച്ചത് താനല്ലെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.ജി കോളേജില്‍ എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കീഴിലായിരുന്ന ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് കേസ് പിന്‍വലിക്കാന്‍ അന്തിമ തീരുമാനം എടുത്തത്. ആഭ്യന്തര മന്ത്രിയായിരുന്ന തനിക്ക് ഇതിനെപ്പറ്റി അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

2005 ല്‍ എം.ജി കോളേജിലെ പൊലീസ് നടപടിക്കിടെ അന്നത്തെ പേരൂര്‍ക്കട സര്‍ക്കിള്‍ ആയിരുന്ന മോഹനന്‍ നായരെ ബോംബ് എറിഞ്ഞ കേസില്‍ പ്രതിയായ എ.ബി.വി.പി നേതാവ് ആദര്‍ശിന് പൊലീസ് കോണ്‍സ്റ്റബിളായി ജോലി നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ച് സഹായിച്ചിരുന്നു.

ആകെ 28 പ്രതികള്‍ ഉണ്ടായിരുന്ന കേസിലെ 17 ആം പ്രതിയായിരുന്നു ആദര്‍ശ്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കേസില്‍ നിന്ന് വിടുതല്‍ നല്‍കാന്‍ വേണ്ടി ആ കേസ് തന്നെ പിന്‍വലിച്ച് ആദര്‍ശിന് ജോലി നല്‍കുകയായിരുന്നു.

അന്നത്തെ ആറ്റിങ്ങല്‍ എം.എല്‍.എയായ ബി.സത്യന്റെ ചോദ്യത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല ഇക്കാര്യം വിശദീകരിച്ച് നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.

കേസിലെ പ്രതി ആദര്‍ശിന് മാനുഷിക പരിഗണന നല്‍കി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്നാണ് രമേശ് ചെന്നിത്തല രേഖമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്.

2012 ഡിസംബര്‍ 21 ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2013 ല്‍ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ച് സെഷന്‍സ് കോടതി കേസ് തളളി.

ആദര്‍ശ് അടക്കമുളളവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സി.ഐ മോഹനന്‍ നായര്‍ക്ക് ഒരു വര്‍ഷത്തോളം ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ രണ്ട് എസ്.ഐമാര്‍ക്കും, നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

തിരുവനന്തപുരത്തെ സൈബര്‍ വിംഗിലാണ് ആദര്‍ശ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Oommen Chandy ABVP

We use cookies to give you the best possible experience. Learn more