keralanews
മുരളീധരന്‍ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തന്‍; കെ. മുരളീധരനെ പുകഴ്ത്തി ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 14, 04:10 am
Sunday, 14th March 2021, 9:40 am

കോട്ടയം: കെ. മുരളീധരന്‍ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം.

നേമത്ത് കെ. മുരളീധരന്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അക്കാര്യം ഉമ്മന്‍ചാണ്ടി ഉറപ്പിച്ചുപറഞ്ഞില്ല.

നേമത്തെ സ്ഥാനാര്‍ത്ഥിയെ കുറച്ച് സമയത്തിനുള്ളില്‍ അറിയാനാവുമെന്നാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്.

”കെ. മുരളീധരന്‍ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. മുരളിക്ക് ഇളവ് നല്‍കിയാല്‍ മറ്റ് എം.പിമാര്‍ പ്രശ്‌നം ഉണ്ടാക്കില്ല. ഒരു എം.പിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇളവുകള്‍ നല്‍കാവുന്നതേയുള്ളൂ. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് വാര്‍ത്ത നല്‍കിയാല്‍ ചിലപ്പോള്‍ തെറ്റിയെന്നിരിക്കും,”ഉമ്മന്‍ചാണ്ടി പറഞ്ഞു.

നേമത്തിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ലായിരുന്നുവെന്ന് നേരത്തെ കെ. മുരളീധരന്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് തന്നെ വലിയൊരു സന്ദേശമായിരുന്നെന്നും പിന്നീട് കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അവരവരുടെ മണ്ഡലങ്ങളുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ്. അവര്‍ ആ സീറ്റുകളില്‍ നിന്ന് മാറിയാല്‍ ആ സീറ്റ് ജയിക്കണമെന്നില്ല. കോണ്‍ഗ്രസിന് സംഘടനാ ദൗര്‍ബല്യമുണ്ട്. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ബന്ധങ്ങളാണ് ഉള്ളതെന്നുമാണ് കെ. മുരളീധരന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: OommenChandy About K Muraleedharan