| Monday, 22nd March 2021, 5:28 pm

രമേശ് ചെന്നിത്തലയ്ക്ക് സര്‍വ്വേകള്‍ നല്‍കിയ റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ല; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: സര്‍വേകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ എറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവാണെന്നും ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളൊന്നും വിലപ്പോകില്ലെന്ന് ക്കാണിക്കാനാണ് അദ്ദേഹത്തെ സര്‍വേകളിലൂടെ വില കുറച്ച് കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സര്‍വ്വേകള്‍ എല്ലാം യു.ഡി.എഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും യു.ഡി.എഫ് തകരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മികച്ച പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെന്നും യു.ഡി.എഫിന്റേത് ജനങ്ങളുടെ പ്രകടന പത്രികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്ന സര്‍വ്വേകളെല്ലാം പി.ആര്‍ വര്‍ക്കിന്റെ ഭാഗമാണ്. യു.ഡി.എഫിന്റെ സൗജന്യ അരി നിര്‍ത്തലാക്കിയിട്ടാണ് കിറ്റ് വിതരണം നടക്കുന്നതെന്നും പാവങ്ങളുടെ അരിക്ക് പണം വാങ്ങിയ സര്‍ക്കാരാണ് ഇതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വയനാട്ടിലെ കെ.സി റോസക്കുട്ടിയുടെ രാജി ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍വേകള്‍ തടയണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍വേകള്‍ കൃത്രിമവും ജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ് വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് ചില മാധ്യമങ്ങള്‍ സര്‍വേയിലൂടെ കാണിക്കുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്.

അഭിപ്രായ സര്‍വേകള്‍ യാഥാര്‍ഥ്യത്തിന് എതിരാണെന്നും ഒരുശതമാനും വോട്ടര്‍മാര്‍ പോലും ഇതില്‍ പങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് മാധ്യമങ്ങള്‍ക്ക് വേണ്ടി ഒരു സ്ഥാപനമാണ് സര്‍വേ നടത്തിയത്. ജനഹിതം അട്ടിമറിക്കാന്‍ അഭിപ്രായ സര്‍വേകള്‍ ദുരുപയോഗം ചെയ്യുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്നത് പോലെ മറുനാടന്‍ കമ്പനികള്‍ സര്‍വേകള്‍ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം മാധ്യമങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ക്കെതിരെ വിമര്‍ശനവുമായി മുസ്‌ലീം ലീഗും രംഗത്തെത്തി. യു.ഡി.എഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള സര്‍വ്വേകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എന്നാല്‍ ഇതൊന്നും വിലപ്പോവില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommenchandy About Election Surveys

We use cookies to give you the best possible experience. Learn more