ഒടുവില്‍ തീരുമാനമായി; നേമത്തെ ആ കരുത്തന്‍ ഉമ്മന്‍ ചാണ്ടിയല്ല
Kerala Election 2021
ഒടുവില്‍ തീരുമാനമായി; നേമത്തെ ആ കരുത്തന്‍ ഉമ്മന്‍ ചാണ്ടിയല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th March 2021, 8:43 pm

തിരുവനന്തപുരം: നേമത്ത് മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. നേമത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ഉമ്മന്‍ ചാണ്ടി സന്നദ്ധതയറിച്ചിന്ന് വൈകീട്ടോടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയത്.

മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണ്. ഞാന്‍ പുതുപ്പള്ളിയില്‍ തന്നെയാണ് മത്സരിക്കുന്നത്. പുതുപ്പള്ളിയില്‍ പറഞ്ഞത് മാത്രമേ പറയാനുള്ളു. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നതെന്നും നേമത്തും കരുത്തന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേരത്തെ നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പുതുപ്പള്ളി സീറ്റ് വിട്ടുനല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച് ഞാന്‍ ഇന്ന് വരെ ചിന്തിച്ചുകൂടിയില്ല. ഇന്നുവരെ 11 തെരഞ്ഞെടുപ്പില്‍ മത്സരിച്ചുണ്ട്. അന്നും ഒരു സ്ഥലത്തേ മത്സരിച്ചിട്ടുള്ളു, ഇനിയാണെങ്കിലും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളു,’ എ്ന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

കോണ്‍ഗ്രസ് പട്ടികയില്‍ പുതുപ്പള്ളിയില്‍ നിന്ന് തന്റെ പേരാണ് പാര്‍ട്ടി അംഗീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അതേസമയം പുതുപ്പള്ളിക്ക് പുറമെ നേമത്തും മത്സരിച്ചേക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പറയാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞത്. ഇതേ തുടര്‍ന്നാണ് നേമത്ത് കൂടി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയുടെ വീടീന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

സ്ത്രീകളുള്‍പ്പെടെയുള്ളവരാണ് ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഈ പ്രതിഷേധത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. നേമം അടക്കമുള്ള 10 സീറ്റുകളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെതിരെ മത്സരിച്ച വി. ശിവന്‍കുട്ടിയെ തന്നെയാണ് ഇക്കുറിയും എല്‍.ഡി.എഫ് നേമത്ത് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. ഒ. രാജഗോപാല്‍ ഇക്കുറി മത്സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Oommen Chandy will not contest from Nemom in Kerala Election 2021