Kerala News
ഉമ്മന്‍ ചാണ്ടി യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല; അഭ്യൂഹങ്ങള്‍ തള്ളി താരീഖ് അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 22, 07:31 am
Friday, 22nd January 2021, 1:01 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് കേരളത്തിന്റെ ചുമതലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ഉമ്മന്‍ ചാണ്ടിയാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരീഖ് അന്‍വറന്റെ പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന ഘട്ടത്തില്‍ പുതിയ അധ്യക്ഷനെ പാര്‍ട്ടി തെരഞ്ഞെടുക്കുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റ് നല്‍കില്ലെന്നും വിജയ സാധ്യത നോക്കിയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാരോട് ആലോചിച്ച ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് തീരുമാനിച്ചാല്‍ പാര്‍ട്ടി പുതിയ അധ്യക്ഷനെ കുറിച്ചാലോചിക്കും,’ താരീഖ് അന്‍വര്‍ പറഞ്ഞു.

കെ വി തോമസ് പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണെന്നും താരീഖ് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണെന്നരിക്കെ അദ്ദേഹത്തിനെങ്ങനെയാണ് പാര്‍ട്ടി വിട്ട് പുറത്ത് പോവാനാവുകയെന്നും താരീഖ് അന്‍വര്‍ ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പത്തംഗ സമിതിയെ എ.ഐ.സി.സി നിയമിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയ്ക്ക നേതൃത്വം നല്‍കിയത്.

താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി .എം സുധീരന്‍, എം.പിമാരായ ശശി തരൂര്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ഉമ്മന്‍ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ട് വന്നതിന് പിന്നാലെയാണ് ഇദ്ദേഹം തന്നെ ആയിരിക്കുമോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന അഭ്യൂഹവും ശക്തിപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen Chandy will not be the next CM Candidate