| Saturday, 19th July 2014, 1:17 pm

മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി 29ന് ദല്‍ഹിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫില്‍ മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നു. പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം 29നു ദല്‍ഹിക്ക് പോകും.

സ്പീക്കര്‍ എന്ന നിലയില്‍ പ്രധാനപ്പെട്ട ഫയലുകളിലൊന്നിലും താന്‍ ഇനി ഒപ്പുവെക്കില്ലെന്ന് ജി.കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതു വരെ സ്പീക്കര്‍ സ്ഥാനത്തു തുടരുമെന്നു മാത്രമേയുള്ളു എന്നാണ് കാര്‍ത്തികേയന്റെ നിലപാട്.

കാര്‍ത്തികേയന്റെ തീരുമാനത്തിനെതിരെ ഐ-ഗ്രൂപ്പ് ശക്തമായി രംഗത്ത് വന്നിരുന്നു. കാര്‍ത്തികേയന് മന്ത്രി സ്ഥാനം നല്‍കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല എന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടിരുന്നു. കാര്‍ത്തികേയനെ പോലെ ഒരു നേതാവിനെ സ്പീക്കറാക്കാന്‍ പാടില്ലായിരുന്നു എന്നാണ്  ഐ ഗ്രൂപ്പിലെ കെ.സുധാകരന്‍   അഭിപ്രായപ്പെട്ടത്.

മന്ത്രിസഭാ പുനഃസംഘടനയുണ്ടാവും എന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുനഃസംഘടന സംബന്ധിച്ച് യു.ഡി.എഫ് ഘടകത്തില്‍ അഭിപ്രായഭിന്നതകളും രൂക്ഷമായി.

പുനഃസംഘടന സംബന്ധിച്ച് ഇതുവരെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കെ.പി.സി.സി വാക്താവ് എം.എം ഹസന്‍ പറഞ്ഞു. പുനഃസംഘടന വേണ്ടന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്ന് മാത്രമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ അറിയിച്ചു. ആര്‍.എസ്.പിയുടെ നിലപാട് യു.ഡി.എഫില്‍ അറിയിക്കുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more