| Saturday, 13th March 2021, 12:22 pm

'പുതുപ്പള്ളിയില്‍ എന്റെ പേര് അംഗീകരിച്ചു കഴിഞ്ഞു'; നേമത്തും മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയുടെ മറുപടിയിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുപ്പള്ളി: താന്‍ പുതുപ്പള്ളിയില്‍നിന്നു തന്നെ ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് പട്ടികയില്‍ പുതുപ്പള്ളിയില്‍ നിന്ന് തന്റെ പേരാണ് പാര്‍ട്ടി അംഗീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം പുതുപ്പള്ളിക്ക് പുറമെ നേമത്തും മത്സരിച്ചേക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പറയാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം വലിയ രീതിയിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നടത്തിയത്. അതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍

ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേമം ഉള്‍പ്പെടെയുള്ള കുറച്ച് സീറ്റുകള്‍ കൂടി പ്രഖ്യാപിക്കുന്നതിനായി ബാക്കിയുണ്ട്. പുതുപ്പള്ളിയില്‍ നിന്ന് തന്റെ പേരാണ് പാര്‍ട്ടി അംഗീരിച്ചിരിക്കുന്നത്.

നേമത്തെക്കുറിച്ച് കുറെ വാര്‍ത്തകള്‍ വരുന്നുണ്ട്. പല നേതാക്കളുടെയും പേരുകള്‍ വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് സംസ്ഥാന നേതൃത്വമോ കേന്ദ്ര നേതൃത്വമോ നേമത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.

പക്ഷെ നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് പുതുപ്പള്ളിയിലെ പ്രവര്‍ത്തകരുടെ വികാരം എന്തെന്ന് മനസിലാക്കണമെന്ന് എനിക്കുണ്ടായിരുന്നു. മറ്റൊരു തെറ്റിദ്ധാരണയുടെ അടസ്ഥാനത്തിലാണ് ഈ ബഹളങ്ങളൊക്കെ ഉണ്ടായിരിക്കുന്നത്.

ദേശീയ നേതൃത്വം ഇടപെട്ടിട്ടേ ഇല്ല. നേമത്തെ സംബന്ധിച്ച് ഒരു ആശയ വിനിമയം നടത്തുക എന്നത് മാത്രമായിരുന്നു ഇന്ന് ഉദ്ദേശിച്ചിരുന്നത്. ഈ പ്രവര്‍ത്തകരുടെ വികാരം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ 50 വര്‍ഷത്തിലേറെക്കാലം ഇവിടെ പ്രവര്‍ത്തിച്ചപ്പോള്‍ എന്നെ സഹായിച്ചവരാണ്.

നിങ്ങളുടെ സ്‌നേഹ പ്രകടനത്തിന് മുമ്പില്‍ ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. അവരുടെ സ്‌നേഹത്തിന്റെ ആഴം എനിക്കറിയാം. എത്രമാത്രം താത്പര്യമുണ്ട്, എത്രമാത്രം കരുതലുണ്ട് എന്ന് എനിക്കറിയാം.

പുതുപ്പള്ളി വിട്ട് പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. അതേസമയം എല്ലാ നിയോജക മണ്ഡലങ്ങളിലും നമുക്ക് ശക്തരായ, ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് ആഗ്രഹം

അതിനനുസരിച്ചുള്ള ആഗ്രഹം മാത്രമാണ് നേമത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്– ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം നേമത്ത് മത്സരിക്കില്ലാ എന്നതിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി പറഞ്ഞില്ല. രണ്ട് മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെ സംബന്ധിച്ച് ഒരു തീരുമാനം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen Chandy will contest in two constituencies? he replies

We use cookies to give you the best possible experience. Learn more