പശ്ചിമഘട്ടം: ഹരിത ട്രിബ്യൂണല്‍ വിധി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി
Daily News
പശ്ചിമഘട്ടം: ഹരിത ട്രിബ്യൂണല്‍ വിധി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2014, 4:02 pm

ooommen[] തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ട്രിബ്യൂണല്‍ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തില്‍ കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമാണ് ട്രിബ്യൂണല്‍ വിധിയെന്നും കേരളത്തിന് അനുകൂലമായ അന്തിമ വിജ്ഞാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വിട്ടുകൊണ്ടാണ് ഹരിത ട്രിബ്യൂണല്‍ വിധി പ്രസ്താവിച്ചത്. പരിസ്ഥിതിലോല മേഖലകള്‍ സംരക്ഷിക്കുന്നതിനായി ഈ മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള 2013 നവംബര്‍ 13ലെ ഉത്തരവ് തുടരണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഹരിത ട്രിബ്യൂണലിന്റെ വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ താല്പര്യത്തെ മാനിക്കാത്ത വിധിയാണ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു.