|

ഗണേഷ്‌ കുമാറിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു: ദിനേഷ് പണിക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗണേഷ്‌കുമാറിനെ മന്ത്രി സഭയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പോയിക്കണ്ടിരുന്നു എന്ന് നിര്‍മാതാവും നടനുമായ ദിനേഷ് പണിക്കര്‍. താന്‍ ജനറല്‍ സെക്രട്ടറിയായ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു ഗണേഷ് കുമാറെന്നും അതുകൊണ്ടാണ് അന്ന് അദ്ദേഹത്തിന് വേണ്ടി ഇടപെട്ടത് എന്നും ദിനേഷ് പണിക്കര്‍ പറയുന്നു. ഗണേഷ് കുമാര്‍ രാജിവെച്ചത് മന്ത്രിസഭക്ക് തീരാനഷ്ടമാണെന്നായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു. ഒരു മാസം മുമ്പ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘എന്റെ ബാല്യകാലം മുതല്‍ ഞാന്‍ അറിയുന്ന വ്യക്തിയാണ് കെ.ബി. ഗണേഷ് കുമാര്‍. അദ്ദേഹം വളര്‍ന്ന് എം.എല്‍.എയും മന്ത്രിയുമായി. 2013ലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും വലിയൊരു പ്രതിസന്ധിയുണ്ടാകുന്നത്. മന്ത്രിയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടാകുന്നത്. പങ്കാളി യാമിനിയുമായി ചില അഭിപ്രായ വ്യത്യാസങ്ങളും അത് പിന്നീട് ഗാര്‍ഹിക പീഡന പരാതിയില്‍ ചെന്നെത്തുകയും ചെയ്തു.

യാമിനി മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഡി.ജി.പിക്ക് കൈമാറുകയാണ് അന്നുണ്ടായത്. സാഹചര്യം മോശമാണെന്ന് കണ്ട ഗണേഷ് കുമാര്‍ ഉടന്‍ തന്നെ മന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ ചാണ്ടി രാജിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയിരുന്നില്ല എന്ന് ഗണേഷ്‌കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ ചെയ്യേണ്ടിയിരുന്ന ഏറ്റവും മികച്ച തീരുമാനം തന്നെയാണ് ഗണേഷ് കുമാര്‍ കൈകൊണ്ടത്.

എന്നാല്‍ ജനങ്ങളെ സംബന്ധിച്ച് ഗണേഷ് കുമാറിന്റെ രാജി വലിയ നഷ്ടമായിരുന്നു. കാരണം സിനിമ തിയേറ്ററുകളിലടക്കം ഒരു മാറ്റം വന്നത് ഗണേഷ്‌കുമാര്‍ മന്ത്രിയായിരുന്ന സമയത്താണ്. സിനിമയില്‍ നിന്ന് ആളുകള്‍ അകന്നുപോകുന്നു എന്ന ഘട്ടത്തില്‍ ജനങ്ങളെ സിനിമയിലേക്ക് തിരികെയെത്തിച്ചത് അക്കാലത്തെ പരിഷ്‌കാരങ്ങളാണ്. തിരിച്ച് മന്ത്രി സഭയിലേക്ക് കയറാനുള്ള ചില ശ്രമങ്ങളും അന്ന് അദ്ദേഹം നടത്തിയിരുന്നതായി എനിക്കറിയാം.

ആ ഘട്ടത്തിലാണ് അദ്ദേഹത്തിന് വേണ്ടി മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു കെ.ബി.ഗണേഷ് കുമാര്‍. മന്ത്രിയായതോടെ അദ്ദേഹം ആ സ്ഥാനം രാജിവെച്ച് ഇടവേള ബാബു പ്രസിഡന്റായി. ഞാന്‍ ജനറല്‍ സെക്രട്ടറിയും. ഇന്നും ഞാന്‍ തന്നെയാണ് ജനറല്‍ സെക്രട്ടറി. ഈ ബന്ധത്തിന്റെ പുറത്താണ് അദ്ദേഹത്തിന് വേണ്ടി ഇടപെടണമെന്ന് തീരുമാനിച്ചത്.

പല തവണ ഞങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെ കാണാനുള്ള ശ്രമങ്ങള്‍ നടത്തി. ഒടുവിലാണ് ഒരു ദിവസം രാത്രി 11 മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച് കാണാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. ഞാനും, പൂജപ്പുര രാധാകൃഷ്ണനും, ഷസു മണക്കാട്, വേറെ ഒരാളും ചേര്‍ന്നാണ് അന്ന് ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഒരു മണിക്കൂറിലധികം സമയം ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.

ഗണേഷ് കുമാര്‍ രാജിവെച്ചത് മന്ത്രി സഭക്കും വലിയ നഷ്ടമാണുണ്ടാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. ഗണേഷ്‌കുമാറിന്റെ രാജി അന്ന് മന്ത്രി സഭയക്ക് ചെറിയ ചീത്തപ്പേര് ഉണ്ടാക്കിയിരുന്ന സമയമായിരുന്നു എങ്കിലും ഉമ്മന്‍ ചാണ്ടി ഗണേഷ്‌കുമാറിനെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞുള്ളൂ. സാധ്യമായതെല്ലാം ചെയ്യാമെന്ന് അന്ന് അദ്ദേഹം ഞങ്ങളോട് പറയുകയും ചെയ്തു. ഒരു മണിക്കൂറിലധികം സമയമെടുത്ത് സംസാരിച്ചതിന് ശേഷമാണ് അവിടുന്ന ഇറങ്ങിയത്,’ ദിനേഷ് പണിക്കര്‍ പറഞ്ഞു.

content highlights; Oommen Chandy was met to get Ganesh Kumar back in the cabinet: Dinesh Panicker