Kerala News
'സൗമ്യ കൊല്ലപ്പെട്ടത് തീവ്രവാദികളുടെ ആക്രമണത്തിലെന്ന് യു.ഡി.എഫ് നേതാക്കള്‍; എതിര്‍പ്പിന് പിന്നാലെ പോസ്റ്റുകള്‍ മുക്കിയും എഡിറ്റ് ചെയ്തും ഉമ്മന്‍ ചാണ്ടിയും വീണയും കാപ്പനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 12, 01:47 pm
Wednesday, 12th May 2021, 7:17 pm

തിരുവനന്തപുരം: ഇസ്രാഈലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് തീവ്രവാദി ആക്രമണത്തിലാണെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞും പോസ്റ്റ് മുക്കിയും യു.ഡി.എഫ് നേതാക്കള്‍.

കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍, പാല എം.എല്‍.എ മാണി സി. കാപ്പന്‍ തുടങ്ങിയവരാണ് പോസ്റ്റുകള്‍ എഡിറ്റ് ചെയ്തും, മാപ്പും പറഞ്ഞും രംഗത്ത് എത്തിയത്.

‘ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്’ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ എഴുതിയത്.

എന്നാല്‍ പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ തീവ്രവാദിയാക്രമണം എന്ന പരാമര്‍ശം ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ എഡിറ്റ് ചെയ്യുകയായിരുന്നു. ‘ഫലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു.’ പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്ന വീണയുടെ പോസ്റ്റ്.

ഇതിന് പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ലഭിച്ച സ്‌ക്രീന്‍ഷോട്ട് താന്‍ ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും അത് ബോധപൂര്‍വ്വമല്ലെന്നും വീണ പറഞ്ഞു.

സമാനമായ രീതിയിലായിരുന്നു മാണി സി കാപ്പനും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് മറ്റൊരു പോസ്റ്റ് കാപ്പന്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇസ്രാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. ഇസ്രാഈലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.

ഇസ്രാഈലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ ഇസ്രാഈല്‍ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Oommen Chandy, Veena s nair and mani c Kappan fb post on soumya death in israel