| Saturday, 28th November 2020, 5:10 pm

സത്യം എന്നായാലും പുറത്തുവരും, ആരോടും പ്രതികാരമില്ല; സോളാര്‍ വെളിപ്പെടുത്തലില്‍ ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ പുനരന്വേഷണം ആവശ്യപ്പെടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തന്റെ പേരില്‍ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. സത്യം എന്നായാലും പുറത്തുവരും. താന്‍ ദൈവ വിശ്വാസിയാണ്’, ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരോപണങ്ങള്‍ വന്നപ്പോള്‍ ദു:ഖിച്ചിട്ടില്ലെന്നും ഇപ്പോള്‍ അതിലെ സത്യാവസ്ഥ പുറത്തുവരുമ്പള്‍ അതിയായി സന്തോഷിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്നും ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം അതിന് കാരണമെന്നും മനോജ് പറഞ്ഞിരുന്നു.

എന്നാല്‍ ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഗൂഢാലോചന ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി നല്‍കിയില്ല. അറിയാത്ത കാര്യത്തിന് മറുപടി പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരും. അതെല്ലാം സഹിച്ചേ പറ്റൂ’, ആര്‍ക്കെങ്കിലുമെതിരെ പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അന്വേഷണ ഇനത്തില്‍ ഒരുപാട് തുക ചെലവായെന്നും ഇനിയും ചെലവ് കൂട്ടാനായി പുനരന്വേഷണത്തിന് താനായി ആവശ്യപ്പെടുകയില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen Chandy Solar Case KB Ganesh Kumar Sharanya Manoj

We use cookies to give you the best possible experience. Learn more