കണ്ണൂര്‍: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടി പറയാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്തുവേണമെങ്കിലും തന്നെ പറഞ്ഞോട്ടെ എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാര്‍ മാത്രമാണ് എക്കാലത്തും ഉദ്യോഗാര്‍ത്ഥികളോട് നീതി കാണിച്ചിട്ടുള്ളതെന്നും പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റ ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല. എന്നെ എന്തുവേണെങ്കിലും പറയട്ടെ. ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്. അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
നിയമനവിവാദത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലില്‍ വീണ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ത്ഥികളുടെ കാലിലാണ് വീഴേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പഴയ ലിസ്റ്റുകളൊന്നും റദ്ദാക്കിയിട്ടില്ലെന്നും പകരം ലിസ്റ്റ് ഇല്ലെങ്കില്‍ കാലാവധി നീട്ടിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാന്‍ ഏത് നിയമമാണ് നിലവിലുള്ളതെന്നും പിണറായി ചോദിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുകയാണ്. മുന്‍ സര്‍ക്കാരിനേക്കാള്‍ ഏത് കണക്കിലും കൂടുതല്‍ ആണ് ഇടതു സര്‍ക്കാര്‍ ഉദ്യോര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക