തിരുവനന്തപുരം: നാഷണല്‍ ഡാം രജിസ്റ്റര്‍ പ്രകാരം ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപള്ളം എന്നീ ഡാമുകള്‍ തമിഴ്‌നാടിന്റേതല്ലെന്നും പട്ടികയില്‍ ഇപ്പോഴും ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ജലക്കമ്മീഷന്റെ അടുത്ത മീറ്റിംഗില്‍ കേരളത്തിന്റെ എതിര്‍പ്പ് അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പറഞ്ഞു. ജലക്കമ്മീഷന്‍ യോഗത്തില്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അന്ന് തമിഴ്‌നാട് ഉന്നയിച്ചത്. അന്ന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുക്കാതിരുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാടിന്റെ വാദത്തെ എതിര്‍ക്കാനായില്ല.
ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായി. എങ്കിലും രേഖകള്‍ പ്രകാരം ഇപ്പോഴും ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായി. 2009 മുതല്‍ അറ്റകുറ്റപ്പണി, പ്രവര്‍ത്തനനിയന്ത്രണവും തമിഴ്‌നാടിനാണെന്ന് കേരളത്തിന് അറിയാമായിരുന്നുവെന്നും എന്നാല്‍ 2012ലാണ് തമിഴ്‌നാട് ഉടമസ്ഥാവകാശം ഉന്നയിച്ചത്- ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേ സമയം മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചു. പ്രശ്‌നം നിയമസഭാ വിഷയ നിര്‍ണയ സമിതി അന്വേഷിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സഭാനടപടികള്‍ പുനരാരംഭിച്ചത്. പ്രശ്‌നം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന ജമീലാ പ്രകാശം എം.എല്‍.എയെ സമിതിയില്‍ ഉള്‍പ്പെടുത്തി.