| Sunday, 1st November 2020, 2:53 pm

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് അനിവാര്യം; സഖ്യത്തെ എക്കാലവും എതിര്‍ത്തത് ഇടതുപക്ഷമെന്നും ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് അനിവാര്യമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ബി.ജെ.പിക്കെതിരെ പൊരുതാന്‍ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ അതുകൊണ്ട് കോണ്‍ഗ്രസിനെ എഴുതിത്തള്ളേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ എതിര്‍ത്തത് കേരളത്തിലെ സി.പി.ഐ.എം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സി.പി.ഐ.എം മാത്രമാണ് എതിര്‍ത്ത് നിന്നത്. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതു കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബീഹാറില്‍ ബി.ജെ.പി വിരുദ്ധ മുന്നണി തോറ്റു. ബി.ജെ.പിക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണം,’ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.ഐ.എം സഖ്യമുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തക്കം നോക്കി യെച്ചൂരി കച്ചവടമുറപ്പിച്ചെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ വഞ്ചനാദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കച്ചവടം മാത്രമാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen Chandy says ally of CPIM and Congress is a important

We use cookies to give you the best possible experience. Learn more