| Thursday, 25th March 2021, 1:00 pm

പിണറായിയുടെ ഭരണത്തിലും തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല; എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വെറുതെ വിടുമായിരുന്നോ: ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ പീഡനകേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അഞ്ച് വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിച്ചിട്ടും തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നതിന്റെ തെളിവെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ജാമ്യമില്ലാത്ത വകുപ്പാണ് ചുമത്തിയിരുന്നത്. എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ജാമ്യം എടുക്കില്ലായെന്ന നിലപാടായിരുന്നു. ഇപ്പോള്‍ സത്യം പുറത്ത് വന്നിരിക്കുന്നു, ഉമ്മന്‍ചാണ്ടി പറഞ്ഞു.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും ഒന്നുമില്ലാത്ത ഒരു കേസാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഞ്ച് കൊല്ലം പിണറായി വിജയന്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത കേസിനെകുറിച്ച് എന്താ പറയുക. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ തെളിവ്. എന്തെങ്കിലും ഉണ്ടെങ്കില്‍ വെറുതെ വിടുമോ? അഞ്ച് കൊല്ലത്തെ പിണറായി വിജയന്റെ ഭരണമാണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ നിരപരാധികളാണ് എന്നതിന്റെ തെളിവ്, ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്ലിഫ് ഹൗസില്‍ അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിന്റേയും പരാതിക്കാരിയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി കേന്ദ്രത്തിന് നല്‍കി. സി.ബി.ഐ വിജ്ഞാപനത്തിനൊപ്പം ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും അറിയിച്ചു.

2018 ലാണ് പരാതിക്കാരിയുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

2012 ല്‍ ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതതിന്റേയും പരാതിക്കാരിയുടേയും ഡ്രൈവറുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen chandy reply to solar crime branch report

We use cookies to give you the best possible experience. Learn more