മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സമുദായസൗഹാര്‍ദത്തിനും മതേതരത്വത്തിനും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ് ഹൈദരലി ശിഹാബ് തങ്ങളെന്നും അദ്ദേഹം സ്വീകരിച്ച പല നിലപാടുകളും തനിക്ക് നേരിട്ടറിയാന്‍ സാധിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
”ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് കേരളീയ സമൂഹത്തിന് ഒരു നഷ്ടം വരുത്തിവെച്ചിരിക്കുകയാണ്. സമുദായസൗഹാര്‍ദത്തിനും മതേതരത്വത്തിനും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്.
മിതഭാഷിയും സൗമ്യതയുടെ പ്രതീകമായിരുന്നിട്ടും ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
പല പ്രതിസന്ധികളിലും, സമുദായ സൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ എനിക്ക് നേരിട്ട് അറിയാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് നമ്മുടെ സമൂഹത്തിന് ഒരു വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളത്.
യു.ഡി.എഫിനും മതേതര കേരളത്തിനും അദ്ദേഹം വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും എത്രമാത്രം ഈ കാര്യങ്ങളിലുണ്ടായിരുന്നു എന്ന് പല സന്ദര്‍ഭങ്ങളിലും നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള ആളാണ് ഞാന്‍,” ഉമ്മന്‍ ചാണ്ടി പറഞ്ഞു.
12 വര്‍ഷമായി മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ അദ്ദേഹമുണ്ടായിരുന്നു. 18 വര്‍ഷത്തോളം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.