തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യം ശക്തമാക്കി ഉമ്മന്‍ചാണ്ടി. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്പോഴും ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്കായി നിലകൊള്ളുന്നതാണ് ഹൈക്കമാന്റിനെ പ്രതിരോധത്തിലാക്കുന്നത്.
ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട് ഇന്നലെ രാത്രി തന്നെ ഹൈക്കമാന്റലെ നേതാക്കളുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം ലഭിക്കാന്‍ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം യു.ഡി.എഫ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും വി.ഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.
ഇതിനിടെ, കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെയും യു.ഡി.എഫ് കണ്‍വീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Oommen Chandy Ramesh Chennithala UDF Congress AICC Opposition Leader VD Satheesan