തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്റിന്റെ ഈ നീക്കം കാരണമായെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു.
ഹൈക്കമാന്റ് തീരുമാന പ്രകാരമാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഞ്ച് വര്‍ഷം താന്‍ പ്രവര്‍ത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടു വന്നത്.
ഉമ്മന്‍ചാണ്ടി പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം പറയുന്നു.
പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിന് തന്നെ ഇരുട്ടത്ത് നിര്‍ത്തിയുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളടക്കം അഞ്ചുതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വിജയമുണ്ടാക്കി കൊടുക്കാന്‍ നേതൃത്വം കൊടുത്തയാളാണ് താന്‍. കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും സ്ഥാനത്തിരുന്നുള്ള തന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.
പ്രതിപക്ഷ നേതാവിന്റെതടക്കം ഒരുസ്ഥാനവും തനിക്കുവേണ്ടി മാറ്റിവെക്കേണ്ടതില്ലെന്ന നിലപാടാണുള്ളത്. പാര്‍ട്ടിയില്‍ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവുമെല്ലാം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്റ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണെന്ന് ചെന്നിത്തല കത്തില്‍ പറയുന്നു.
ഹൈക്കമാന്റ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് യോഗത്തിനെത്താതിരുന്നത് രാജിസന്നദ്ധത അറിയിച്ചതിനാലാണ്. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.