| Saturday, 7th November 2015, 5:21 pm

യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. അത് എന്റെ ഒരു വിശ്വാസമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

“ജനവിധി അംഗീകരിക്കുന്നു. ഈ വിഷയത്തില്‍ കാര്യമായ പഠനങ്ങളും പരിശോധനകളും നടത്തും. അതിനനുസരിച്ച് പാര്‍ട്ടി, സര്‍ക്കാര്‍, മുന്നണിതലത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നു എന്ന വാര്‍ത്തകളെ അംഗീകരിക്കുന്നില്ല. യു.ഡി.എഫിന്റെ അടിത്തറയ്ക്ക് യാതൊരുവിധ കോട്ടങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ 2010നേക്കാള്‍ കുറവുണ്ടായിട്ടുണ്ട്.” ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബി.ജെ.പിയുടെ വിജയം താല്‍ക്കാലികം മാത്രമാണ്. ബാര്‍കോഴ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടില്ല. തോല്‍വിക്ക് പിന്നിലുള്ള കാരണം ഇപ്പോള്‍ പരസ്യമായി പറയാനാകില്ല. അത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യും.

We use cookies to give you the best possible experience. Learn more