[] തിരുവനന്തപുരം: ആറന്മുളയിലെ വിമാനത്താവള പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമപരവും പരിസ്ഥിതി സൗഹാര്‍ദ്ദവുമാണെങ്കില്‍ പദ്ധതിയെ സര്‍ക്കാര്‍ അനുകൂലിക്കുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി വാങ്ങേണ്ടത് പദ്ധതി നടത്തിപ്പുകാരായ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും നിലവിലെ നിയമതടസങ്ങള്‍ കമ്പനി മറികടന്നു സര്‍ക്കാറിനെ സമീപിക്കുകയാണെങ്കില്‍ പദ്ധതിക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കമ്പനി നിലവില്‍ നേരിടുന്ന കേസുകളിലും മറ്റും സര്‍ക്കാര്‍ കക്ഷി ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയെ എതിര്‍ക്കുന്നവര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറന്മുളയിലെ ജനങ്ങളുടെ നിലപാട് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്ന എംപി ആന്റോ ആന്റണി ലോക്‌സഭയിലേക്ക് ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് നിയസഭയില്‍ പ്രത്യേക സബ്മിഷനായി എം. എ. ബേബി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എം മാണി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഗ്രീന്‍ ട്രിബൂണല്‍ വിധി പ്രകാരം പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.