Kerala News
വിട പറയുന്നത് ചരിത്രം; ഉമ്മന്‍ ചാണ്ടി രാജ്യത്തിന്റെ പുത്രനാണ്: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 20, 06:26 pm
Thursday, 20th July 2023, 11:56 pm

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിട പറയുന്നത് ചരിത്രമാണെന്ന് രാഹുല്‍ അനുസ്മരിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ച രാഹുല്‍ ഉമ്മന്‍ ചാണ്ടി രാജ്യത്തിന്റെ പുത്രനാണെന്നും പറഞ്ഞു.

വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടായിരുന്നില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.

 

അതേസമയം, സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. പള്ളിയിലും ഉമ്മന്‍ ചാണ്ടിയെ കാണാനായി എത്തിയവരുടെ വലിയ തിരക്കാണ് കാണാനായത്.

തിരുനക്കരയില്‍ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണെന്ന് സോണിയ ഗാന്ധി അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു. മകന്‍ ചാണ്ടി ഉമ്മന്‍ വൈകാരികമായ പ്രസംഗവും പള്ളി അങ്കണത്തില്‍ വെച്ച് നടത്തി.
പരിശുദ്ധനായ പിതാവിനോട് കേരളത്തിലെ മുഴുവന്‍ ജനങ്ങളും കാണിക്കുന്ന സ്നേഹത്തിന് നന്ദിയറിയിച്ചു. പിതാവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ അദ്ദേഹം വിതുമ്പിക്കരയുകയും ചെയ്തത് ചുറ്റും കൂടി നിന്നവരുടെ കണ്ണുനിറച്ചു.
Content Highlights: oommen chandy last rites done in st. george church puthuppally