കോട്ടയം: ഡി.സി.സി പുന:സംഘടന വിവാദത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലാപടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അമര്‍ഷം. രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു.
ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി.ഡി. സതീശനും ഒപ്പമുണ്ടായിരുന്നു. രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നുമാണ് ഉമ്മന്‍ചാണ്ടി നിലപാടെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.
ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരസ്യ പ്രതികരണത്തിന് ഉമ്മന്‍ചാണ്ടി തയാറായിട്ടില്ല,
സുധാകരനുമായി സംസാരിച്ചശേഷം പരസ്യമായി പ്രതികരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നാണ് സൂചന.
അതേസമയം ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നാണ് സുധാകരന്‍ പറയുന്നത്.
മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസില്‍ ഇതുപോലുള്ള യാതൊരു വിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ഒരു തലത്തിലും തന്നോട് ചര്‍ച്ച നടത്താതെ സ്ഥാനാര്‍ത്ഥി പട്ടിക, ഭാരവാഹികളുടെ പട്ടിക എന്നിവ ഹൈക്കമാന്റന് മുന്നില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി വന്നതാണ് കഴിഞ്ഞ കാലത്തെ കീഴ്‌വഴക്കമെന്നും സുധാകരന്‍ പറഞ്ഞു.
‘മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. താനും ഉമ്മന്‍ചാണ്ടിയും രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച് പേരുകളിലുള്ള പലരുമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചര്‍ച്ച നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം മനോവിഷമമുണ്ടാക്കി,’ അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിക്കുന്ന പലരുടെയും കാലത്ത് എത്ര ചര്‍ച്ചകളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.