ഭൂനിയമ ഭേതഗതി: തിടുക്കത്തില്‍ എടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി; വിശദീകരണം തേടി കെ.പി.സി.സി
Daily News
ഭൂനിയമ ഭേതഗതി: തിടുക്കത്തില്‍ എടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി; വിശദീകരണം തേടി കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2015, 3:09 pm

land-acquisition
തിരുവനന്തപുരം: കയ്യേറ്റ ഭൂമിക്ക് നിയമസാധുത നല്‍കുന്ന തരത്തില്‍ ഭൂനിയമത്തില്‍ ഭേതഗതി വരുത്തിയത് ധൃതിയില്‍ എടുത്ത തീരുമാനമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തലമുറകളായി ഭൂമി കൈവശം വച്ചിരുന്നവര്‍ക്കാണ് രേഖ നല്‍കുക. നടപടി ക്രമങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണ് ഇതിലൂടെ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ഭൂമി കയ്യേറ്റക്കാര്‍ക്ക് സഹായകരമാവുമെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്തടിസ്ഥാനത്തിലാണ് നിയമഭേതഗതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള ചട്ടങ്ങള്‍ക്ക് പകരം 2005 ജൂണ്‍ 1 വരെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. നിലവിലെ നിയമ പ്രകാരം 1971 ആഗസ്ത് വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് മാത്രമേ നിയമസാധുത നല്‍കുന്നുള്ളൂ. എന്നാല്‍  ഈ വിജ്ഞാപനത്തിന് അംഗീകാരം ലഭിക്കുന്ന പക്ഷം ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലടക്കം റവന്യൂവനഭൂമികളില്‍ നടത്തിയ അനധികൃത കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത ലഭിക്കുമെന്ന് ആക്ഷേപം ശക്തമായിരിക്കുകയാണ്.