| Sunday, 12th October 2014, 12:57 pm

വീക്ഷണത്തില്‍ വന്ന ലേഖനത്തെ എതിര്‍ത്ത് മുഖ്യമന്ത്രിയും സുധീരനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിനെതിരെ വീക്ഷണത്തില്‍ വന്ന ലേഖനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും. പാര്‍ട്ടിയുടെ അറിവോടെയല്ല ലേഖനം എന്ന് സുധീരന്‍ പറഞ്ഞു. കെ.എം മാണിക്കെതിരായ പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.

മുന്നണി ബന്ധം ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ നയമെന്നും ലേഖനമെഴുതുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വീക്ഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും  കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളെക്കുറിച്ചുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

“അമ്പതാമാണ്ടില്‍ നാണം കുണുങ്ങരുത്” എന്ന പേരിലായിരുന്നു കേരള കോണ്‍ഗ്രസിനെയും മാണിയെയും വിമര്‍ശിച്ച് കൊണ്ട് വീക്ഷണത്തില്‍ ലേഖനമെഴുതിയിരുന്നത്. കേരളാ കോണ്‍ഗ്രസിന് അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമെന്നുമില്ലെന്നും കോണ്‍ഗ്രസിന്റെ കൂടെ നിന്നത് കൊണ്ടാണ് കേരളാകോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്നും വീക്ഷണം പറഞ്ഞിരുന്നു.

കമ്മ്യൂണിസ്റ്റ് വിരുദ്ധരായ കേരള കോണ്‍ഗ്രസുകാര്‍ കമ്മ്യൂണിസ്റ്റുകളുമായി അധികാരം പങ്കിട്ടാല്‍ പാര്‍ട്ടി തകരുമെന്നും വീക്ഷണം മുന്നറിയിപ്പ് നല്‍കിയിരുന്നു. 1982 മുതല്‍ കേരളകോണ്‍ഗ്രസ് പൂര്‍ണമായും കോണ്‍ഗ്രസിന്റെ കൂടെയാണെന്നും എന്നാല്‍ ഈ അടുത്ത കാലത്തായി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേരളകോണ്‍ഗ്രസിനെ ചൂണ്ടയിടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വീക്ഷണം അഭിപ്രായപ്പെട്ടിരുന്നു.

കമ്മ്യൂണിസ്റ്റുകാര്‍ ചൂണ്ടയിടാന്‍ നോക്കിയപ്പോഴെല്ലാം മാണി തകര്‍പ്പന്‍ പ്രസ്താവനകള്‍ നടത്താന്‍ ശ്രമിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും, കേരളകോണ്‍ഗ്രസിന് ഭരണം ലക്ഷ്യമായിരുന്നില്ലെന്ന് ബാലകൃഷ്ണപ്പിള്ളയുള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞത് തികച്ചും തെറ്റാണെന്നും ഭരണത്തില്‍ പങ്കാളിയാവാന്‍ വേണ്ടിയാണ് പാര്‍ട്ടി നിലവില്‍ വന്നതെന്നും ലേഖനം വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more