| Wednesday, 16th January 2019, 9:51 pm

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തെളിഞ്ഞു; വിഭാഗീയത ആളിക്കത്തിക്കാനാണ് മോദിയുടെ ശ്രമം: ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തെളിഞ്ഞെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. പ്രശ്‌ന പരിഹാരത്തിനായിരുന്നില്ല പ്രധാനമന്ത്രി ശ്രമിച്ചത്. മറിച്ച് വിഭാഗീയത ആളിക്കത്തിക്കാനാണ് ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

പ്രശ്‌ന പരിഹാരത്തിനായുള്ള നിയമനിര്‍മാണത്തെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നെങ്കില്‍ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുംവിധം നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


“ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രസംഗമാണ് മോദി നടത്തിയത്. എരിതീയില്‍ എണ്ണയൊഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പാര്‍ലമെന്റിലും പത്തനംതിട്ടയിലും മാത്രമല്ല, പൊതുസമൂഹത്തിലും ശബരിമല വിഷയത്തില്‍ ഒരു നിലപാടാണ് കോണ്‍ഗ്രസിനും യു.ഡി.എഫിനും.

ശബരിമല രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാട്. യു.ഡി.എഫ് നിലപാട് സുപ്രീം കോടതി വിധിക്ക് ശേഷമെടുത്തതല്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ നേതൃത്വത്തിന്റേത് തന്നെയാണ്. യു.ഡി.എഫ് വിശ്വാസികളോടൊപ്പമാണ് ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്നും” ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘര്‍ഷങ്ങള്‍ ആളിക്കത്തിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. അഭിപ്രായ സമന്വയം നടത്താതെ കോടതിവിധിയുടെ ബാധ്യതയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടു പോകുകയാണ് മുഖ്യമന്ത്രി ചെയ്തത്. എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കേണ്ടതും സര്‍ക്കാറിന്റെ കടമയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


പുനപരിശോധന ഹര്‍ജിയില്‍ വിശ്വാസികള്‍ക്ക് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ നിയമ നിര്‍മ്മാണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല വിഷയത്തില്‍ യു.എഡി.എഫിനു വ്യക്തമായൊരു നിലപാടില്ലെന്ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് പാര്‍ലമെന്റില്‍ ഒന്നു പറയുമെന്നും പത്തനംതിട്ടയില്‍ മാറ്റിപ്പറയുമെന്നും മോദി പറഞ്ഞിരുന്നു. കൂടാതെ ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ യു.ഡി.എഫിനെ മോദി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more