തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ച ശേഷമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എ.പി.എല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ബജറ്റിന് വിശ്വാസ്യതയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അഞ്ചു വര്‍ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും എ.പി.എല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. ഇടതുസര്‍ക്കാര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപയ്ക്കും എ.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എ.പി.എല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് ഗവണ്‍മെന്റ് 2013-ല്‍ ഭരണാനുമതി കൊടുത്ത പേട്ട-തൃപ്പൂണിത്തുറ മെട്രോ ലൈന്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത് 5 വര്‍ഷം പാഴാക്കിയ ശേഷമാണ്. 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പണി ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഒരിടത്തും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോള്‍, പഴയ കംപ്യൂട്ടര്‍ വിരുദ്ധ സമരം ആരെങ്കിലും അയവിറക്കിയാല്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരുമില്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ ദത്തെടുത്ത് കുടുംബശ്രീ വഴി പരിപാലിക്കുന്ന ആശ്രയ പദ്ധതിയെ ഇടതുസര്‍ക്കാര്‍ വിസ്മരിച്ചിരുന്നെങ്കിലും ഈ ബജറ്റില്‍ പരിഗണന നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച ഈ പദ്ധതി 2011-16ല്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് കേരളമൊട്ടാകെ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് പണി നല്‍കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമില്ല. കഴിഞ്ഞ 5 വര്‍ഷം തറവില വര്‍ദ്ധിപ്പിക്കാതെയിരുന്ന ഗവണ്‍മെന്റ് 20 രൂപ മാത്രം കൂട്ടി റബ്ബര്‍ കര്‍ഷകരെനിരാശരാക്കി. റബ്ബറിന്റെ താങ്ങുവില കുറഞ്ഞത് 200 രൂപയാക്കണമെന്നും കുടിശ്ശിക ഉടനെ നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ 12,000 കോടി മാറ്റിവയ്ക്കുന്നു എന്ന പ്രഖ്യാപനം അമ്പരപ്പിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2016 ആദ്യം റണ്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡി.ജി.സി.എ.യുടെ അനുമതിയോടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ.എം സമരം നടത്തിയത്. 5 വര്‍ഷം കഴിഞ്ഞിട്ടും റണ്‍വേയുടെ നീളം ഒരു മീറ്റര്‍ പോലും വര്‍ദ്ധിപ്പിക്കുകയോ ഒരു സെന്റ് സ്ഥലം കൂടുതലായി ഏറ്റെടുക്കുകയോ ചെയ്യാത്ത ഗവണ്‍മെന്റ് ഒരു കൂറ്റന്‍ പ്രഖ്യാപനം അവസാനത്തെ ബജറ്റില്‍ നടത്തിയത് ആരും ഗൗരവമായി എടുക്കുകയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് നടപ്പിലാക്കിയ ഓട്ടോണോമസ് കോളേജുകള്‍ക്ക് എതിരെ സി.പി.ഐ.എം. സമരം ചെയ്യുകയും യു.ജി.സി.യില്‍ നിന്നും എത്തിയവരെ തടയുകയും ചെയ്തത് മറന്നിട്ടാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നതെങ്കിലും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ബജറ്റിനെതിരെ മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. കാലാവധി കഴിയാന്‍ കാലത്തുള്ള സമ്പൂര്‍ണ ബജറ്റ്
രാഷ്ട്രീയ അധാര്‍മികതയും തെറ്റായ നടപടിയുമാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ പോകുന്നതിന്റെ കൂട്ടത്തില്‍ ഐസക്ക് നല്ല അസ്സല്‍ തള്ള് നടത്തുകയാണെന്നാണ് മുസ്‌ലിം ലീഗ് എം.പി കുഞ്ഞാലിക്കുട്ടിയും പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക