തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജി വെച്ച വി.എം. സുധീരന്റെ നടപടി ശരിയായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരന്റെ സാന്നിധ്യം രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി ശരിയായ നടപടിയല്ല. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും രാഷ്ട്രീയകാര്യ സമിതിയില്‍ വേണം. അദ്ദേഹത്തിന്റെ സാന്നിധ്യം സമിതിയില്‍ വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. ഇനിയും അത് വേണമെന്നാണ് എന്റെ അഭിപ്രായം,’ ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് വി.എം. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത്. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് കാണിച്ചാണ് സുധീരന്റെ രാജി.
സുധീരന്‍ കെ.പി.സി.സി അധ്യക്ഷനായ സമയത്ത് കലാപക്കൊടി ഉയര്‍ത്തിയ ഗ്രൂപ്പുകളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് രൂപീകരിച്ച സംവിധാനമാണ് രാഷ്ട്രീയകാര്യ സമിതി. ഈ സമിതിയില്‍ നിന്നുമാണ്് സുധീരന്‍ രാജി വെച്ചത് എന്ന കാര്യവും ശ്രദ്ധേയമാണ്.
കെ.പി.സി.സിയിലെ ഉന്നതാധികാര സമിതിയായിട്ടും രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ അടക്കമുള്ളവര്‍ പരാതി പറഞ്ഞിരുന്നു.
കെ.സുധാകരന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും താനടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് വി.എം. സുധീരന്റെ പ്രധാന പരാതി.