തിരുവനന്തപുരം: പിറവത്തെ ജനങ്ങള്‍ സ്‌നേഹവും സംസ്‌കാരവുമുള്ളവരാണെന്നും മദ്യം ഒഴുക്കിയാണ് യു.ഡി.എഫ് ജയിച്ചതെന്ന് പറയുന്നവര്‍ പിറവത്തുകാരെ അധിക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭാ യോഗ തീരുമാനങ്ങള്‍ വിശദീക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ ജയിപ്പിച്ചതു കൊണ്ടാണ് പിറവത്തുകാര്‍ക്ക് ഇത്തരം അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഇക്കാര്യത്തില്‍ പിറവത്തെ ജനങ്ങളോട് ഞാന്‍ ഖേദം പ്രകടിപ്പിക്കുകയാണ്. കാപട്യമില്ലാത്ത സ്‌നേഹം നല്‍കിയാല്‍ അതിന്റെ ഇരട്ടി ജനം തിരിച്ചു നല്‍കുമെന്നും അത് പുതുപ്പള്ളിക്കാര്‍ തന്നെ പഠിപ്പിച്ച പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
പിറവം ഉപതെരഞ്ഞെടുപ്പ് വിജയം ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല. യുഡിഎഫ് കൂട്ടായ്മയുടെ വിജയമാണ്. പിറവത്ത് എല്ലാ സാമൂഹിക, സാമുദായിക സംഘടനകളും യു.ഡി.എഫിനെ പിന്തുണച്ചു-ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ തുടര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ജനവിധിയാണ് പിറവത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ ഇത്തവണയും മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.
മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യുന്ന മുഴുവന്‍ പോസ്റ്റുകളിലേക്കും സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചുകൊണ്ട് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. 13,678 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. അത്രയും പോസ്റ്റുകളിലേക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58 ആക്കിയിട്ടുണ്ട്. ഈ സര്‍ക്കാറിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം വിരമിക്കല്‍ പ്രായം കൂട്ടിയതിനെതിരെ രംഗത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.