തിരുവനന്തപുരം: ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ലോക്ഡൗണിലെ പൊതുവായ ഇളവുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെട്ട വിദ്ഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്നായിരുന്നു അഭിഷേക് സിംഗ്‌വിയുടെ പരാമര്‍ശം. കേരളം കൊവിഡ് കിടക്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ നല്‍കിയത്. 18,19,20 ദിവസങ്ങളിലാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹരജിയും നല്‍കിയിട്ടുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നുവെന്ന് ആരോപിച്ച് പി.കെ.ഡി. നമ്പ്യാര്‍ എന്നയാളാണ് ഹരജി നല്‍കിയത്.
എന്നാല്‍ കേരളം മുഴുവന്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്നും ചിലയിടങ്ങളില്‍ മാത്രമാണ് ഇളവുകള്‍ നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.