|

ചാരക്കേസ് വ്യാജമായിരുന്നെന്ന് ഉറപ്പായിരുന്നു, എതിര്‍ത്തത് കരുണാകരന്റെ ശൈലിയെ: ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം.

അന്നു താന്‍ വിമര്‍ശിച്ചത് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതു കൈകാര്യം ചെയ്ത രീതിയെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഐ.എസ്.ആര്‍.ഒ ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരായ നിലപാടിലും പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചാരക്കേസ് വ്യാജമായിരുന്നെന്ന് എനിക്ക് ഉറപ്പായിരുന്നു. സര്‍ക്കാര്‍ അതു കൈകാര്യം ചെയ്ത രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പൊതു താല്‍പ്പര്യത്തിന് എതിരായ തീരുമാനങ്ങള്‍ കരുണാകരന്‍ കൈക്കൊണ്ടുവെന്നും അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് താന്‍ ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്. ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ല’- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ പ്രചരണമുണ്ടല്ലോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസാണ് കാലങ്ങളായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാറുള്ളതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen Chandy  ISRO Espionage Case