| Wednesday, 28th December 2022, 5:23 pm

മനസാക്ഷിയാണ് വലുത്, സത്യം ജയിച്ചു; സോളാര്‍ പീഡന കേസിലെ ക്ലീന്‍ചീറ്റില്‍ ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സോളാര്‍ പീഡന കേസില്‍ സി.ബി.ഐയുടെ ക്ലീന്‍ചീറ്റ് ലഭിച്ചതില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസിലെ അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും പരാതിയും ഇല്ലായിരുന്നുവെന്നും പറഞ്ഞ ഉമ്മന്‍ ചാണ്ടി, സത്യം മൂടിവെക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പെരിയ കൊലക്കേസും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാന്‍ കോടികള്‍ മുടക്കി ദല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടത് സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും താന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവെക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഉമ്മന്‍ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വൈരാഗ്യ ബുദ്ധിയോടെയാണ് സോളാര്‍ കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടതെന്നും, തീയില്‍ കാച്ചിയ പൊന്നുപോലെ തങ്ങളുടെ നേതാക്കള്‍ പുറത്തുവന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കുമാണ് സോളാര്‍ പീഡന കേസില്‍ സി.ബി.ഐ ക്ലീന്‍ ചീറ്റ് നല്‍കിയത്. നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികള്‍ കുറ്റവിമുക്തരായി.

ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലിന്‍ ചീറ്റ് നല്‍കിയത് സംബന്ധിച്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.

സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പീഡന പരാതി ഉയര്‍ന്നുവന്നിരുന്നത്. ആദ്യം ക്രൈംബ്രാഞ്ചായിരുന്നു കേസ് നടത്തിയിരുന്നത്. പീന്നീട് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ മുഴുവന്‍ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാന്‍ കോടികള്‍ മുടക്കി ദല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടത് സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്.

വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പൊലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.

സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും എനിക്ക് നിയമോപദേശം ലഭിച്ചു. എന്നാല്‍ ഞാന്‍ ഈ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്.

കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസില്‍ പ്രതിയാക്കപ്പെട്ട സഹപ്രവര്‍ത്തകരും തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

Content Highlight: Oommen Chandi’s Reaction on CBI Report on Solar Case

We use cookies to give you the best possible experience. Learn more