മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവെച്ചു
Kerala
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th July 2013, 12:37 am

[]തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവെച്ചു.  ഷാഫിയുടെ രാജിയോടെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍നിന്ന് പുറത്താകുന്ന അഞ്ചാമനാണ് ഷാഫി മേത്തര്‍. []

ഔദ്യോഗികപദവി ഉപയോഗിച്ച് തന്റെ ബിസിനസ് തകര്‍ക്കാന്‍ ഷാഫി മേത്തര്‍ ശ്രമിക്കുന്നതായി അദ്ദേഹത്തിന്റെ സഹോദരന്‍ റാഫി മേത്തറും ഭാര്യ രേഷ്മയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് രാജി. തനിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

കുടുംബ കാര്യങ്ങളോ സഹോദരന്റെ ബിസിനസ് കാര്യങ്ങളുമായോ ബന്ധപ്പെട്ട് കേരള സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനുമായും സംസാരിച്ചിട്ടില്ല.
തനിക്കെതിരായ ആരോപണത്തിന്റെ ഉത്തരവാദിത്തം സ്വീകരിക്കുന്നു.

വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുടുംബത്തിലെ പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഔദ്യോഗിക കാര്യങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ഷാഫിയുടെ സഹോദരി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അച്ഛന്‍ കോണ്‍ഗ്രസ് നേതാവുമാണ്. കോണ്‍ഗ്രസിലെ “എ” ഗ്രൂപ്പുമായി വളരെ അടുപ്പമുള്ള കുടുംബമാണ് ഷാഫിയുടേത്.

ഷാഫി നല്‍കിയ രാജിക്കത്ത് വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. ഷാഫിക്കെതിരായ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജൂലായ് 14ാം തിയതി ഷാഫി മേത്തര്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആരോപണം സംബന്ധിച്ച് ഷാഫിയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നു.