| Monday, 30th November 2020, 11:18 am

ഞാന്‍ ചിലത് വെളിപ്പെടുത്തിയാല്‍ അത് ചിലരെ വേദനിപ്പിക്കും: ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അപ്പോള്‍ മാത്രമേ താന്‍ പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് തെളിയുകയുള്ളൂവെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അതെന്താണെന്ന കാര്യം താന്‍ ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ പുറകിലാണ്. വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ഒരു ആത്മവിശ്വാസം. എനിക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. ഇത് ഒരു പുതുമയുള്ള കാര്യമായി കരുതുന്നില്ല.

വിജയം കിട്ടിയെന്നും കരുതുന്നില്ല. ആരോപണം വന്നപ്പോഴും ഞാന്‍ ടെന്‍ഷന്‍ ആയിട്ടില്ല. ഇപ്പോള്‍ ഇത് വരുമ്പോഴും അമിതമായി ആഹ്ലാദിക്കുന്നില്ല. ഇതെല്ലാം ഇതിന്റെ ഭാഗമാണ്. പൂര്‍ണമായും കുറ്റക്കാരനല്ല എന്നുള്ള നിലയിലുള്ളത് വരണമെങ്കില്‍ ഇനിയും ചില കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.

എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ അതില്‍ വേദനിക്കുന്ന ചിലരുണ്ട്. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അത് പറയുന്നില്ല.

ആരോപണവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ശതമാനം കൂടി വന്നാലേ അത് നൂറ് ശതമാനമാകുകയുള്ളൂ’ എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏത് വിഷയത്തിലാണ് കാര്യങ്ങള്‍ പുറത്തുവരാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ വിഷയത്തില്‍ തന്നെ അല്പം കൂടി കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും കാത്തിരിക്കൂ എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

ഇനിയൊരു അന്വേഷണം നടത്തി അനാവശ്യമായി ഗവണ്‍മെന്റിന് ചിലവും കാര്യങ്ങളും ഉണ്ടാക്കേണ്ടതുണ്ടോയെന്നും ഒന്നിന്റെ ഫലം നമ്മള്‍ കണ്ടതല്ലേ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. അന്വേഷണം കൊണ്ട് സര്‍ക്കാരിന്റെ പണം പോയതല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമ്മീഷനെ വെച്ചതില്‍ വലിയ സാമ്പത്തിക ചെലവുണ്ടായതാണെന്നും സോളാര്‍ കേസില്‍ സത്യം എന്നായാലും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Oommen Chandi On solar Case

Latest Stories

We use cookies to give you the best possible experience. Learn more