[]കോഴിക്കോട്: പതിവില്‍ നിന്നും വ്യത്യസ്തമായി ##മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ##ഉമ്മന്‍ ചാണ്ടി. []
രാഷ്ട്രീയ വൃത്തങ്ങളില്‍ അങ്ങേയറ്റത്തെ കൗതുക മുണര്‍ത്തുന്നതാണ് ഈ രാഷ്ട്രീയ സന്ദര്‍ശനം. ഈ സന്ദര്‍ശനത്തിന് പിന്നിലുള്ള പ്രധാന കാരണം ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലു ണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കില്‍ മുസ്‌ലീം ലീഗിന്റെ സഹായം കൂടിയേ തീരൂ എന്നുള്ളതാണ്.
മുസ്‌ലീം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, പി.കെ അബ്ദുറബ്ബ്
എന്നിവരുമായാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടത്തുന്നത്.
കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉയര്‍ന്നു വന്നിരിക്കുന്ന പ്രധാന പരിഹാര നിര്‍ദേശം രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസഭയിലെ രണ്ടാമന്‍ സ്ഥാനമോ നല്‍കണമെന്നതാണ്.
എന്നാല്‍ ഈ രണ്ട് സ്ഥാനങ്ങളും യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്‌ലീം ലീഗിന് അവകാശപ്പെട്ടതാണ്. കാരണം യു.ഡി.എഫിലെ നിയമസഭാ കക്ഷി നിലയില്‍ കോണ്‍ഗ്രസിന് 38 സീറ്റും മുസ്‌ലീം ലീഗിന് 20 സീറ്റുമാണ്.
നേരത്തെ കുഞ്ഞാലിക്കുട്ടി ലീഗിലെ നേതൃസ്ഥാനത്തെത്തുന്നതിന് മുന്‍പ് ഐക്യമുന്നണിയില്‍ മുസ്‌ലീം ലീഗിനായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടായിരുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയെങ്കിലും പരിഗണിക്കുകയാണെങ്കിലും മന്ത്രിസഭയിലെ രണ്ടാമന്‍ എന്നതും മുസ്‌ലീം ലീഗിലെ സമ്മതത്തോടെയല്ലാതെ യു.ഡി.എഫില്‍ സാധ്യമല്ല.
ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഏത് ചര്‍ച്ചകള്‍ ഉയര്‍ന്നു വരുമ്പോഴും സ്വാഭാവികമായും ഒരു പക്ഷത്ത് മുസ്‌ലീം ലീഗായിരിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രകാരം രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെങ്കില്‍ മുസ്‌ലീം ലീഗിന്റെ സമ്മതം അത്യാവശ്യമാണ്.
ഈ വിഷയത്തില്‍ നിലവില്‍ ഒരു ഒത്തുതീര്‍പ്പിനും മുസ്‌ലീം ലീഗ് സന്നദ്ധവുമല്ല. ഈ ഘട്ടത്തിലാണ് നോമ്പുതുറ സത്ക്കാരത്തിനും യു.ഡി.എഫ് നേതൃയോഗങ്ങള്‍ക്കും മാത്രമായി ലീഗ് ഹൗസിലെത്തുന്ന ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കുറേക്കാലത്തിന് ശേഷം ആദ്യമായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ലീഗ് ഹൗസിലെത്തുന്നത്.
സോളാര്‍ വിഷയം ഉയര്‍ത്തിവിട്ടിരിക്കുന്ന യു.ഡി.എഫിനകത്തെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ലീഗിന്റെ സഹായം അത്യാവശ്യമാണ്.
മറ്റ് ഘടകകക്ഷികളുടെ വിലപേശലിന് വഴങ്ങുന്നില്ലെങ്കില്‍ പോലും ലീഗിന് ചില ഉറപ്പുകള്‍ നല്‍കുവാനും അത് ഹൈക്കമാന്‍ഡിനെ കൊണ്ട് സമ്മതിപ്പിക്കുവാനും അതുവഴി ലീഗിനെ അനുനയിപ്പിക്കുവാനും മുഖ്യമന്ത്രി നിര്‍ബന്ധിതനാകും.
ഘടകകക്ഷികളുടെ വിലപേശലിന് വഴങ്ങേണ്ട എന്നാണ് നിലവില്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെങ്കിലും ലീഗിനെ വിശ്വാസത്തിലെടുക്കാതെ ഒരു പരിഹാരവും യു.ഡി.എഫില്‍ സാധ്യമാകില്ല.