| Wednesday, 5th September 2018, 5:25 pm

സ്ത്രീസുരക്ഷയില്‍ സി.പി.ഐ.എമ്മിന്റെ ആത്മാര്‍ത്ഥത തെളിയിക്കുന്ന ഉരകല്ലാണ് ശശിക്കെതിരായ കേസ്; ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സ്ത്രീസുരക്ഷയില്‍ സി.പി.ഐ.എമ്മിന്റെ ആത്മാര്‍ത്ഥത തെളിയിക്കുന്ന ഉരകല്ലാണ് എം.എല്‍.എ ശശിക്കെതിരായ പീഡനക്കേസെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ, പാര്‍ട്ടിയുടെ വഴിക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം പി.കെ ശശിക്കെതിരായ പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. പി.കെ ശശിക്കെതിരെ ഉള്ള പരാതികളൊന്നും വനിതാ കമ്മീഷന് ലഭിച്ചിട്ടില്ലെന്നും, പരാതി കിട്ടിയാല്‍ അന്വേഷിക്കും എന്നുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചത്. പാര്‍ട്ടിയും കമ്മീഷനും രണ്ടും രണ്ടാണ്. അവര്‍ക്ക് കിട്ടിയ പരാതി പൊലീസിന് കൈമാറണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ പറഞ്ഞു.

ഇരയായ യുവതി പൊതുജനങ്ങളുടെ മുമ്പിലോ പൊതു ഇടങ്ങളിലോ പരാതി ഉന്നയിച്ചാല്‍ മാത്രമേ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു എന്നാണ് എം.സി ജോസഫൈന്‍ നല്‍കുന്ന വിശദീകരണം.

We use cookies to give you the best possible experience. Learn more