തിരുവനന്തപുരം: ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയതിന്റെ കണക്കു പുറത്തു വിടണമെന്ന് ഉമ്മന്‍ചാണ്ടി. ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ശബരിമല പ്രചരണായുധമാക്കി രംഗത്തിറങ്ങിയത്.
ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1273 കോടിരൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ആ തുകയുടെ കണക്ക് പുറത്തുവിടണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.
ശബരിമലയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെലവാക്കി എന്നു പറയുന്ന തുക എന്തിനൊക്കെയാണ് ചെലവാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഉമ്മന്‍ചാണ്ടി ഇക്കാര്യമാവശ്യപ്പെട്ടത്.
ശബരിമല വിവാദങ്ങള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തുന്ന പ്രചരണത്തെ വെല്ലുവിളിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി.
‘ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഈ കണക്കുകളാണ് മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടിയത്. ശബരിമല വികസനത്തിന് യുഡിഎഫ് 212 കോടി ചെലവഴിച്ചപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 1278 കോടി രൂപ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
എന്നാല്‍ വെറും 47.4 കോടി രൂപ മാത്രമാണ് സര്‍ക്കര്‍ ചെലവഴിച്ചത്.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബജറ്റില്‍ കാണുന്ന തുക ഇടത് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല എന്നും അഞ്ചു വര്‍ഷം കൊണ്ട് 1500കോടി രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ശബരിമല ശക്തമായ പ്രചരണായുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. നാളെ എ. കെ ആന്റണികൂടി പ്രചാരണത്തിനിറങ്ങുന്നതോടെ വികസനത്തര്‍ക്കം കൂടുതല്‍ മുറുകും.