| Friday, 16th June 2017, 10:10 pm

'മനസുവച്ചാല്‍ എന്തും സാക്ഷാത്കരിക്കാന്‍ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്'; കൊച്ചി മെട്രോ കേവലം ഒരു പദ്ധതിയുടെ വിജയം മാത്രമല്ലെന്നും ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ എന്ന് കേള്‍ക്കുമ്പോള്‍ മറക്കാന്‍ കഴിയാത്ത പേരാണ് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ഉമ്മന്‍ ചാണ്ടിയുടേത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് മെട്രോ നിര്‍മ്മാണം ആരംഭിച്ചതും ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായതും. ഇപ്പോഴിതാ കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി.

ഇത് കേവലം ഒരു പദ്ധതിയുടെ വിജയമല്ലെന്നും വന്‍കിട സംരംഭങ്ങളുടെ കാര്യത്തില്‍ ദീര്‍ഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനതിലകമാണെന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച ഫേസ്ബുക്ക് പോസ്റ്റില്‍, ഇടുക്കി അണകെട്ടിനും, നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വന്‍കിട പദ്ധതി കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നുവെന്നും അദ്ദേഹം പറയുന്നു.


Never Miss: ‘മെട്രോയുടെ തൂണില്‍ ഏണി ചാരിവച്ച് സിമന്റ് പൂശിക്കൊണ്ടിരുന്ന ആളുടെ മുഖത്ത് കെട്ടിയ ടവല്‍ അഴിഞ്ഞുവീണതും ഞാന്‍ ഞെട്ടി.. !! സാക്ഷാല്‍ മോദിജി.. !!


ഇനി കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമൊക്കെ യാഥാര്‍ഥ്യമാകാന്‍ പോകുന്നുവെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി, കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റ് ഒന്നാം ഘട്ടം കമ്മിഷന്‍ ചെയ്തു കഴിഞ്ഞുവെന്നും മനസുവച്ചാല്‍ എന്തും സാക്ഷാത്കരിക്കാന്‍ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണെന്നും പറഞ്ഞു. കൊച്ചി മെട്രോയുടെ ഏതാണ്ട് 90 ശതമാനം പണികളും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിച്ചവരെ നന്ദിയോടെ ഓര്‍ക്കുന്നു. ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വവും വൈദഗ്ധ്യവും, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജിന്റെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണ ബോധവും വലിയ മുതല്‍ക്കൂട്ടായി. സ്ഥലമെടുപ്പിന് നേതൃത്വം നല്‍കിയ മുന്‍ ജില്ലാ കളക്ടര്‍മാരായ ഷെയ്ഖ് പരീത്, എം.ജി രാജമാണിക്യം എന്നിവരുടെ സേവനം എന്നും വിലമതിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Also Read: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരായ സമരത്തില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; യുവാവിന്റെ വൃഷ്ണം തകര്‍ത്തു


മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന് കൊച്ചി മെട്രോയോടുണ്ടായിട്ടുള്ള പോസ്റ്റിറ്റീവ് സമീപനം വിലമതിക്കാനാവാത്തതാണ്. അതോടൊപ്പം തന്നെ പദ്ധതിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച കൊച്ചി നിവാസികള്‍, ഇതിന് വേണ്ടി രാപകല്‍ അധ്വാനിച്ച തൊഴിലാളികള്‍ അടക്കം എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് കൂടി പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനതിലകമാണ്.
ഇടുക്കി അണകെട്ടിനും, നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വന്‍കിട പദ്ധതി കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നു.
ഇതു കേവലം ഒരു പദ്ധതിയുടെ വിജയമല്ല. വന്‍കിട സംരംഭങ്ങളുടെ കാര്യത്തില്‍ ദീര്‍ഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനി കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമൊക്കെ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റ് ഒന്നാം ഘട്ടം കമ്മിഷന്‍ ചെയ്തു കഴിഞ്ഞു. മനസുവച്ചാല്‍ എന്തും സാക്ഷാത്കരിക്കാന്‍ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്.


Don”t Miss: ‘ക്രൂരത പാടില്ലാത്തത് കന്നുകാലികളോട് മാത്രമോ?’; തടി വലിക്കാന്‍ കഷ്ടപ്പെടുന്ന ആനയുടെ വീഡിയോ ആരുടേയും കരളലിയിക്കുന്നത്


2004 ഡിസംബറിലാണ് കൊച്ചി മെട്രോ നടപ്പാക്കാന്‍ യുഡിഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. 2005 ജൂലൈയില്‍ ഡി.എം.ആര്‍.സി ഇതു സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി. 2011ല്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപീകരിച്ചു. 2012 സെപ്റ്റംബര്‍ 13-നു പ്രധാനമന്ത്രി തറക്കല്ലിട്ടു. 873 ദിവസം കൊണ്ട് , 2016 ഫെബ്രു. 27 -നു ടെസ്റ്റ് റണ്‍ നടത്തി. ഏതാണ്ട് 90 ശതമാനം പണികളും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂര്‍ത്തിയാക്കിയിരുന്നു.
1000 ദിവസ്സം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് യുഡിഫ് ലക്ഷ്യമിട്ടത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അനുബന്ധിത ജോലികള്‍ ചെയ്തു തീര്‍ത്തതുകൊണ്ടാണ് പദ്ധതി അതിവേഗം മുന്‍പോട്ടു പോയത്.
എറണാകുളം നോര്‍ത്തിലെ ഓവര്‍ ബ്രിഡ്ജ് , ഗടഞഠഇ ബസ് സ്റ്റാന്റ്റിന് സമീപത്തുള്ള റെയില്‍വേ മേല്‍പാലം തുടങ്ങിയവ പൂര്‍ത്തിയാക്കി, സ്ഥലമെടുപ്പ് മുന്‍പോട്ടുപോയി. അനുബന്ധ ജോലികള്‍ ചെയ്തു തീര്‍ത്തതുകൊണ്ട് കേന്ദ്രാനുമതി ലഭിച്ച ഉടനെ മെട്രോയുടെ പണി ആരംഭിക്കാന്‍ നമുക്ക് സാധിച്ചു. അങ്ങനെ 1470 ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യുകയാണ് കൊച്ചി മെട്രോ.
കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിച്ചവരെ നന്ദിയോടെ ഓര്‍ക്കുന്നു.


Also Read: തുറന്ന സ്ഥലത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്ന സ്ത്രീകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞ മധ്യവയസ്‌കനെ അടിച്ചു കൊന്നു; സംഭവം രാജസ്ഥാനില്‍


ഡി എം ആര്‍ സിയുടെ മുഖ്യ ഉപദേഷ്ടാവ് ശ്രി ഇ. ശ്രീധരന്റെ നേതൃത്വവും വൈദഗ്ധ്യവും, കെ എം ആര്‍ എല്‍ എം.ഡി ശ്രി ഏലിയാസ് ജോര്‍ജിന്റെ നിശ്ചയധാര്‍ഢ്യവും അര്‍പ്പണ ബോധവും വലിയ മുതല്‍ക്കൂട്ടായി. സ്ഥലമെടുപ്പിന് നേതൃത്വം നല്‍കിയ മുന്‍ ജില്ലാ കളക്ടര്‍മാരായ ശ്രി ഷെയ്ഖ് പരീത്, ശ്രീ എം ജി രാജമാണിക്യം എന്നിവരുടെ സേവനം എന്നും വിലമതിക്കും.
ശ്രീ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന് കൊച്ചി മെട്രോയോടുണ്ടായിട്ടുള്ള പോസ്റ്റിറ്റീവ് സമീപനം വിലമതിക്കാനാവാത്തതാണ്.
മെട്രോ റയില്‍വെയുടെ ചാര്‍ജ് വഹിച്ചിരുന്ന മന്ത്രി ശ്രി ആര്യാടന്‍ മുഹമ്മദും പൊതുമരാമത്തു മന്ത്രി ശ്രി പി.കെ ഇബ്രാഹിംകുഞ്ഞും നല്‍കിയ നേതൃത്വം മെട്രോയുടെ നിര്‍മ്മാണ പുരോഗതിക്ക് വലിയ വേഗത നല്‍കി. എം പിമാരും, എം എല്‍ എമാരും ഉള്‍പ്പടെ ജനപ്രതിനിധികള്‍ നല്‍കിയ സഹകരണവും പിന്തുണയും പ്രശംസനീയമാണ്.
അതോടൊപ്പം തന്നെ പദ്ധതിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച കൊച്ചി നിവാസികള്‍, ഇതിന് വേണ്ടി രാപകല്‍ അദ്വാനിച്ച തൊഴിലാളികള്‍ അടക്കം എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more