വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യൂ.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തു; സി.പി.ഐ.എമ്മിനെതിരെ ആരോപണവുമായി ഉമ്മന്‍ചാണ്ടി
D' Election 2019
വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യൂ.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തു; സി.പി.ഐ.എമ്മിനെതിരെ ആരോപണവുമായി ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2019, 6:51 pm

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ സി.പി.ഐ.എം 10 ലക്ഷം യൂ.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തന്നാരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇതിനായി ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. സംസ്ഥാനത്തെ ആകെയുള്ള 77 തഹസില്‍ദാര്‍മാരില്‍ 74 പേരും ഇത്തരത്തിലുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

2011ല്‍ വോട്ടര്‍ പട്ടികയിലെ വര്‍ദ്ധനവ് 12.88 ലക്ഷവും 2014 ല്‍ 11.07 ലക്ഷവുമായിരുന്നെന്നും എന്നാല്‍ ഇത് 2019ല്‍ എത്തുമ്പോള്‍ 1.32 ലക്ഷമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2016 ല്‍ വോട്ടര്‍പട്ടികയില്‍ 2.60കോടിയുണ്ടായിരുന്നു. 2019ല്‍ ഇത് 2.61കോടിയായി.ഈ കാലയളവില്‍ കന്നിവോട്ടര്‍മാര്‍ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ കണക്കെന്നും എന്നാല്‍ വോട്ടര്‍പട്ടികയിലെ വര്‍ദ്ധനവ് 1.32ലക്ഷം മാത്രം. വോട്ടര്‍പട്ടികയില്‍ നിന്ന് ക്രമരഹിതമായി പത്തുലക്ഷത്തോളം പേരെ ഒഴിവാക്കിയെന്നതിനാലാണിതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും വാട്ടര്‍പട്ടികയില്‍ നിന്ന് നിയമവിരുദ്ധമായി പേരുകള്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.