| Thursday, 14th November 2019, 12:01 pm

'ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ച് ശബരിമല കയറ്റാന്‍ കൊണ്ടുപോയി'; എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി സുപ്രീം കോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിധിയോടെ യു.ഡി.എഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

‘ആക്ടിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാന്‍ കൊണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയപ്പോള്‍ മാത്രമാണ് നാട്ടില്‍ സമാധാനം ഉണ്ടായത്’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുവതീപ്രവേശം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുകയാണന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. ശബരിമല കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ എല്ലാ വിശ്വാസങ്ങളുടെ ആചാരത്തെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിശാല ബെഞ്ചിലേക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടുകയായിരുന്നു. വിയോജന വിധിയുമായി ജസ്റ്റിസ് ഫറോഹിന്‍ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും രംഗത്തെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more