ഇത് ഒന്നിച്ച് നില്‍ക്കേണ്ട സമയം; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്തപ്രതിഷേധങ്ങളെ അനുകൂലിച്ച് ഉമ്മന്‍ ചാണ്ടി
CAA Protest
ഇത് ഒന്നിച്ച് നില്‍ക്കേണ്ട സമയം; പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്തപ്രതിഷേധങ്ങളെ അനുകൂലിച്ച് ഉമ്മന്‍ ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 9:59 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്ത പ്രക്ഷോഭങ്ങളെ അനൂകൂലിച്ച കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ ചാണ്ടി. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത പ്രതിഷേധം സംബന്ധിച്ച തന്റെ നിലപാട് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.

ഠവ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളാകുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും. അതൊക്കെ സ്വാഭാവികമാണ്. അത് മുഴുവന്‍ തീര്‍ത്തിട്ട് ഇവിടത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് യോജിക്കാനാകില്ല. ഭരണഘടനയെ നിന്ദിക്കുന്ന, ഇന്ത്യയുടെ പാരമ്പര്യം തകര്‍ക്കുന്ന, എല്ലാവര്‍ക്കും തുല്യ അവകാശം നിഷേധിക്കുന്ന ജനാധിപത്യ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണ്.’ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് എല്ലാവരും യോജിച്ച് നില്‍ക്കേണ്ടതെന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒന്നിച്ചാണ് രാഷ്ടപതിയെ കണ്ടതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

DoolNews Video

ഇന്ത്യയിലാദ്യമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഇന്ത്യ മുഴുവന്‍ അത് ശ്രദ്ധിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും ആക്രമണ മാര്‍ഗത്തിലൂടെ സമരം മുന്നോട്ട് പോകുമ്പോള്‍ ഒന്നിച്ചൊരു സത്യഗ്രഹം നടത്തിയാണ് കേരളം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ആ സത്യഗ്രഹം ഈ നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നതിന്റെ തെളിവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടികള്‍ തമ്മിലുള്ള മറ്റു വിഷയങ്ങള്‍ ഇതുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേരളത്തില്‍ നടക്കുന്ന മനുഷ്യച്ചങ്ങല സി.പി.ഐ.എമ്മിന്റെ പാര്‍ട്ടിപരിപാടിയാണെന്നും അതുപോലെ നിരവധി പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസും സംഘടിപ്പിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംയുക്തമായി നിന്ന് പ്രവര്‍ത്തിക്കേണ്ട സമയങ്ങളില്‍ അങ്ങിനെ നില്‍ക്കുമെന്നും അതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രതിഷേധങ്ങളെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും തുടക്കം മുതലേ ഉയര്‍ന്നിരുന്നത്. വിഷയത്തില്‍ സി.പി.ഐ.എമ്മുമായി യോജിച്ച് സമരത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പല തവണ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ